തിരുവനന്തപുരം: ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും. 30 സംഘടനാ ജില്ലകളിൽ 27 ഇടത്തെ അധ്യക്ഷന്മാരെയാണ് ബിജെപി പ്രഖ്യാപിച്ചത്.
അതേസമയം പാലക്കാട് ഉൾപ്പെടെ വിവിധ ജില്ലകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാതികൾ ഉയർന്നിട്ടുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം സൗത്ത്,
ഇടുക്കി സൗത്ത് എന്നീ മൂന്നു ജില്ലകളിലാണ് തര്‍ക്കം തുടരുന്നതിനാൽ തീരുമാനം മാറ്റിവെച്ചത്.
അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡൻ്റുമാരെയെല്ലാം ഒഴിവാക്കി.
സംസ്ഥാന നേതാക്കളെ ഉൾപ്പടെ ജില്ലാ പ്രസിഡൻ്റുമാരായി നിയമിച്ചാണ് ബിജെപിയിലെ നേതൃമാറ്റം. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിപക്ഷവും മുരളീധര വിഭാഗക്കാരാണ്.
ജില്ലാ അധ്യക്ഷന്മാർക്ക് പിന്നാലെ സംസ്ഥാന പ്രസിഡൻ്റിൻ്റെ കാര്യത്തിൽ വൈകാതെ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തേക്കും.
‘മിഷൻ കേരള’യുടെ ഭാഗമായാണ് കരമന ജയൻ, പ്രകാശ് ബാബു, പ്രഫുൽ കൃഷ്ണൻ, സന്ദീപ് വചസ്പതി അടക്കമുള്ള സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കിയത്.
അതേ സമയം തിരുവനന്തപുരത്തെ കരമന ജയൻ്റെ നോമിനേഷനെതിരെ പരാതിയുണ്ട്.
പ്രായപരിധി 60 പിന്നിട്ടെന്ന പരാതി കൗൺസിലർമാരടക്കം നേതൃത്വത്തെ അറിയിച്ചു.ലമാനദണ്ഡങ്ങളും പരിഗണിച്ചാണ് ബിജെപി ദേശീയ നേതൃത്വം ജില്ലാ അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നാ് വിശദീകരണം.
കൂടുതൽ വോട്ട് കിട്ടിയ പലർക്കും സ്ഥാനം കിട്ടാതെ പോയതും അത് കൊണ്ടാണെന്നും നേതൃത്വം പറയുന്നു. 27 സംഘടനാ ജില്ലാ പ്രസിഡൻ്റുമാരിൽ നാലിടത്ത് മാത്രമാണ് കൃഷ്ണദാസ് പക്ഷ നേതാക്കളുള്ളത്.
ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന മൂന്ന് പേരും പട്ടികയിലുണ്ട്. ബാക്കിയെല്ലാവരും ഔദ്യോഗിക പക്ഷത്തിൻ്റെ ഭാഗമാണ്.
ജില്ലാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിന് ശേഷം വി മുരളീധരൻ സംസ്ഥാന പ്രസിഡൻ്റായേക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.
എന്നാൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മുരളിയുടെ പേര് പരിഗണനയിലുണ്ട്.
ഇക്കാര്യത്തിൽ കേന്ദ്ര തീരുമാനം നിർണായകമാകും. സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രൻ്റെയും എംടി രമേശിൻ്റെയും പേരുകളും പരിഗണയിലുണ്ട്.
പുതിയ പട്ടികയിൽ കരമന ജയൻ, രാജി പ്രസാദ്, സന്ദീപ് വചസ്പതി, പ്രകാശ് ബാബു, നിവേദിത സുബ്രഹ്‌മണ്യന്‍, പ്രഫുല്‍ കൃഷ്ണ തുടങ്ങിയവര്‍ സംസ്ഥാന നേതാക്കളാണ്.
കരമന ജയന്‍, ലിജിന്‍ ലാല്‍, ഷൈജു എന്നിവരൊഴികെ എല്ലാവരും ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായാണ് എത്തുന്നത്.