മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍നിന്ന് കിലോമീറ്ററുകള്‍ അകലെ സൂചിപ്പാറ- കാന്തൻപാറ മേഖലയില്‍നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി.
ഇവിടെ തിരച്ചില്‍ നടത്തുകയായിരുന്ന രക്ഷാദൗത്യസംഘവും സന്നദ്ധപ്രവർത്തകരും ചേർന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദുരന്തം നടന്ന് 11ാം ദിവസമായ ഇന്നാണ് ഇവ കിട്ടിയത്. മൃതദേഹങ്ങള്‍ എയർലിഫ്റ്റ് ചെയ്ത് േപാസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
അതിനിടെ, ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ ജനകീയ തെരച്ചില്‍ തുടരുകയാണ്. മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളില്‍ ദുർഗന്ധം അനുഭവപ്പെട്ട സാഹചര്യത്തില്‍ പരിശോധന നടത്തുകയാണ്. പൊലീസ് നായയെ എത്തിച്ചാണ് പരിശോധന. മണ്ണുമാന്തി യന്ത്രങ്ങളും ഇവിടേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്.
വയനാട്ടില്‍ എന്‍ഡിആര്‍എഫ് തെരച്ചില്‍ തുടരുമെന്നും എത്ര ദിവസം എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എന്‍ഡിആര്‍എഫ് മേധാവി പിയൂഷ് ആനന്ദ് അറിയിച്ചു. സർക്കാർ ആവശ്യപ്പെട്ടാല്‍ പ്രദേശവാസികളെ ഉള്‍പ്പെടുത്തി രക്ഷാദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വയനാട്ടിലെത്തുന്നുണ്ട്.