പാകിസ്ഥാനിലേക്ക് പഠിക്കാന്‍ പോയി, പിന്നെ തീവ്രവാദത്തിലേക്ക് തിരിഞ്ഞു! ഇന്ത്യയിലേക്ക്

ശ്രീനഗര്‍: പാകിസ്ഥാനിലേക്ക് പഠിക്കാന്‍ പോയി, പിന്നീട് തീവ്രവാദികളായി മാറിയ 17 കശ്മീരി യുവാക്കള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.   പാക ചാരസംഘടന ഐഎസ്‌ഐ ഭീകരരെ റിക്രൂട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന പുതിയ മാര്‍ഗമാണിതെന്നും, യുവാക്കള്‍ കരുതിയിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരില്‍ പലരും പാകിസ്ഥാനില്‍ പഠനം നടത്തിയ കശ്മീരി യുവാക്കളാണ്. 2015 മുതലാണ് ഐഎസ്‌ഐ ഈ മാര്‍ഗം പിന്തുടരുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ പാകിസ്ഥാനില്‍ പഠനം നടത്തുന്നത് നിരുത്സാഹപ്പെടുത്തി യുജിസിയും എഐസിടിഇയും മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത് ഇതിനെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയതിന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്

തൃശൂര്‍ ∙ യുവതിയുടെ നഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയതിന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്. വെള്ളിക്കുളങ്ങര സ്വദേശിയായ സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്തിനെതിരെയാണു വലപ്പാട് പൊലീസ് കേസെടുത്തത്. വെള്ളിക്കുളങ്ങര പൊലീസിനാണ് അന്വേഷണ ചുമതല. യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ: പ്രതിയുടെ വീടിനു സമീപത്താണു പരാതിക്കാരിയുടെ ബന്ധുവീട്. ഇവിടെ താമസിക്കാനെത്തിയ സമയത്ത് യുവതി സുഹൃത്തുമായി നടത്തിയ വിഡിയോ ചാറ്റിന്റെ ദൃശ്യങ്ങള്‍ അടുപ്പമുള്ള ചിലരില്‍നിന്നു ചോര്‍ന്നിരുന്നു. ഈ ദൃശ്യങ്ങള്‍ കാട്ടി സുജിത്ത് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി

ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു

ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യൂറോപ്പിലേക്ക് പുറപ്പെട്ടു.യുക്രെയിനെതിരായി റഷ്യ യുദ്ധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനം. ഇന്ന് ബെര്‍ലിനിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യ-ജര്‍മനി ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍സിന്റെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ചകള്‍ നടത്തും. ജര്‍മ്മന്‍ മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഡെന്മാര്‍ക്കില്‍ നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, ഐസ്‌ലന്‍ഡ്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കൊവിഡാനന്തര സാമ്ബത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും തുടങ്ങിയവയാണ് നോര്‍ഡിക് ഉച്ചകോടിയിലെ വിഷയങ്ങള്‍. ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യും.

അന്വേഷണം സാക്ഷികളിലേക്ക്, കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പ്: വിജയ് ബാബുവിനെ പൂട്ടാനുറച്ച്‌ പോലീസ്

കൊച്ചി: പീഡനക്കേസില്‍ വിജയ് ബാബുവിനെ പൂട്ടാനുറച്ച്‌ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. സാക്ഷികളെ കേന്ദ്രീകരിച്ച്‌ പീഡനം നടന്ന സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തുമെന്നും, കൂടുതല്‍ പേരെ കേസില്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നടനും, സംവിധായകനുമായ പ്രതി വിജയ് ബാബു രാജ്യത്ത് എവിടെ കാല് കുത്തിയാലും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കെല്ലാം ഇത് സംബന്ധിച്ച്‌ അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതി ചെന്നൈയില്‍ എത്തിയെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്ത പരന്നിരുന്നെങ്കിലും അന്വേഷണത്തില്‍ സത്യമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. അതേസമയം, പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ വിജയ് ബാബുവിനെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധ; ഒരു കുട്ടിയുടെ നില ​ഗുരുതരം, ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് കഴിയുന്ന ഒരു കുട്ടിയുടെ നില ​ഗുരുതരമായ തുടരുന്നു. 36 പേരാണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. സംഭവം സംബന്ധിച്ച്‌ ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചു. പൊലീസും അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ​ഗോവിന്ദന്‍ പറഞ്ഞു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്ലന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ കര്‍ശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.