സംസ്ഥാനത്ത്‌ മാസ്‌ക്‌ വീണ്ടും 
നിര്‍ബന്ധം

തിരുവനന്തപുരം
സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഡല്‍ഹിയിലടക്കം കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്.

തിങ്കളാഴ്ച ചേര്‍ന്ന കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചത്. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഒരിടത്തും ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ലെന്നും യോഗം വിലയിരുത്തി. ജില്ലകളിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോവിഡ് കേസ് ഉയന്നാലോ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാലോ സംസ്ഥാനതലത്തില്‍ അറിയിക്കണം.

തുടര്‍ച്ചയായി അവലോകന യോഗം ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും വാക്സിന്‍ വിതരണം ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു. കരുതല്‍ ഡോസ് എടുക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച്‌ കുട്ടികള്‍ക്കുള്ള വാക്സിനേഷനും ശക്തിപ്പെടുത്തും. സ്വകാര്യ ലാബുകളില്‍ കൂടിയ നിരക്കില്‍ കോവിഡ് പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് തിങ്കളാഴ്ച 255 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 325 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 1812. എറണാകുളം ജില്ലയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്.

Related posts

Leave a Comment