Mayank Agarwal | ‘മുമ്ബോട്ടുള്ള യാത്രയില്‍ ബാറ്റിങ് നിരയുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടത് അനിവാര്യമാണ്’: മായങ്ക് അഗര്‍വാള്‍

വമ്ബന്‍ താരനിര അവകാശപ്പെടാനുണ്ടായിട്ടും ടൂര്‍ണമെന്റില്‍ വിജയത്തുടര്‍ച്ച നിലനിര്‍ത്താന്‍ പഞ്ചാബ് കിങ്സിന് കഴിയുന്നില്ല. പേരും ജേഴ്സിയുമടക്കം ഒരുപാട് മാറ്റങ്ങളുമായി കിരീടപ്രതീക്ഷയില്‍ ഇത്തവണ ഐപിഎല്ലിലേക്ക് കടന്നു വന്ന പഞ്ചാബ് ടീം എട്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും അഞ്ചു തോല്‍വികളുമായി പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണിപ്പോള്‍. ബൗളര്‍മാരും ബാറ്റ്സ്മാന്മാരും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നതില്‍ വിമുഖത കാണിക്കുകയാണ്. ചില ഒറ്റപ്പെട്ട പ്രകടനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ടീമെന്ന നിലയില്‍ പഞ്ചാബ് അമ്ബേ പരാജയമാണ്.

ഒന്നോ രണ്ടോ ബാറ്റ്സ്മാന്മാര്‍ മാത്രം തിളങ്ങിയാല്‍ നല്ല സ്ക്കോറിലേക്ക് എത്തുന്ന പഞ്ചാബിന് അതും ചില സമയങ്ങളില്‍ കഴിയുന്നില്ല. ടീം പരാജയമാണെങ്കിലും റണ്‍ വേട്ടക്കാരില്‍ പഞ്ചാബ് നായകന്‍ കെ.എല്‍. രാഹുല്‍ രണ്ടാം സ്ഥാനത്തുണ്ട്. അപ്പെന്റിസിറ്റിസിന്റെ പ്രശ്നം മൂലം ശസ്ത്രക്രിയക്ക് വിധേയനാവേണ്ടതിനാല്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് രാഹുല്‍. പകരം നായകസ്ഥാനത്ത് എത്തിയിരിക്കുന്നത് മായങ്ക് അഗര്‍വാളാണ്. നായക വേഷത്തിലെ ആദ്യ മത്സരത്തില്‍ ഒരു റണ്‍സ് അകലെയാണ് അദ്ദേഹത്തിന് സെഞ്ച്വറി നഷ്ടമായത്. ടീമിനെ വിജയത്തിലേക്ക് എത്തിക്കാനും കഴിഞ്ഞില്ല. ഇപ്പോഴിതാ തോല്‍വിയെക്കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് പഞ്ചാബ് നായകന്‍ മായങ്ക് അഗര്‍വാള്‍.

“ബാറ്റിങ് നിരയുടെ കരുത്തുയര്‍ത്തേണ്ടത് മുന്നോട്ട് പോകുന്നതിന് മുമ്ബ് ആലോചിച്ച്‌ തീരുമാനമെടുക്കേണ്ട കാര്യമാണ്. ഡല്‍ഹിക്കെതിരെ വിക്കറ്റ് നേടാന്‍ ഏറ്റവും മികച്ച ബൗളിങ്നിര വേണമെന്നാണ് കരുതിയത്. ബൗളര്‍മാരെ ഉപയോഗിച്ച്‌ എറിഞ്ഞ് പിടിക്കാമെന്നായിരുന്നു പദ്ധതി. രാഹുലിന്റെ അഭാവത്തില്‍ ക്രിസ് ഗെയ്ല്‍-ഡേവിഡ് മലാന്‍ ഓപ്പണിങ് കൂട്ടുകെട്ടിനെക്കുറിച്ച്‌ ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി മാറ്റുകയായിരുന്നു. ഭേദപ്പെട്ട ടോട്ടലാണ് ടീമിന് ലഭിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും 10 റണ്‍സ് കുറവായിരുന്നു അത്. ഒരു ബാറ്റ്‌സ്മാന്‍ നിലയുറപ്പിച്ച്‌ നില്‍ക്കുക എന്നതായിരുന്നു എന്റെ പദ്ധതി,” മായങ്ക് പറഞ്ഞു.

മത്സരത്തില്‍ ആറ് ബൗളര്‍മാരുടെ സേവനം ലഭിക്കുന്ന തരത്തിലായിരുന്നു പഞ്ചാബിന്റെ ടീം ഘടന. എന്നാല്‍ സീനിയര്‍ ബൗളര്‍ മുഹമ്മദ് ഷമിയും ക്രിസ് ജോര്‍ദാനും തല്ലുവാങ്ങി. സ്പിന്നില്‍ മിടുക്ക് കാട്ടുന്ന രവി ബിഷ്‌നോയിയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. നാല് ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത ബിഷ്‌നോയിക്ക് വിക്കറ്റ് നേടാനായില്ല. രണ്ട് മത്സരങ്ങളില്‍ ഒഴികെ ബോളര്‍മാരുടെ ഭാഗത്ത് നിന്ന് പറയത്തക്ക പ്രകടനം പുറത്തുവന്നിട്ടില്ല. കോടിക്കണക്കിനു രൂപ ചെലവഴിച്ച്‌ ടീമിലെത്തിച്ചിട്ടുള്ള റിലെ മെറിഡെത്തും, ജെയ് റിചാര്‍ഡ്‌സനും ഇനിയും ഫോമിലേക്കെത്തിയിട്ടില്ല. ഇന്ത്യന്‍ സീനിയര്‍ ബോളര്‍ മുഹമ്മദ്‌ ഷമിക്ക് വിക്കറ്റുകള്‍ നേടാന്‍ കഴിയുന്നില്ലെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ ഒരു പിശുക്കും കാണിക്കുന്നില്ല.

Related posts

Leave a Comment