#JusticeForPonnu| ചിറ്റാര്‍ കസ്റ്റഡി മരണം: വനപാലകര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കും

പത്തനംതിട്ട: ചിറ്റാര്‍ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തേക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം. സംഭവത്തില്‍ കുടുതല്‍ വനപാലകര്‍ പ്രതികളാകുമെന്നും സൂചന.

മത്തായിയുടെ കസ്റ്റഡി മരണത്തില്‍ വനപാലകര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടി എടുക്കുക. സംഭവ ദിവസം മത്തായിയെ വിട്ടില്‍ നിന്ന് കസ്റ്റഡിയില്‍ കൊണ്ടുപോകുമ്ബോള്‍ വേണ്ടത്ര സംരക്ഷണം നല്‍കിയില്ലന്നും ഇക്കാര്യത്തില്‍ വനപാലകര്‍ക്ക് വീഴ്ച പറ്റിയെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തെളിവെടുപ്പിനിടെ കിണറ്റില്‍ വീണ മത്തായിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ സംഭവ സ്ഥലത്ത് നിന്നും വനപാലകര്‍ രക്ഷപ്പെട്ട സാഹചര്യമാണ് നരഹത്യ ചുമത്താനുള്ള കാരണമായി പൊലീസ് കാണുന്നത്. നിയമോപദേശം കിട്ടിയാല്‍ ഉടന്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

തെളിവ് നശിപ്പിക്കല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നിങ്ങനെയുളള കുറ്റങ്ങള്‍ക്ക് പുറമേ കുറ്റാരോപിതര്‍ക്ക് മറ്റ് വനപാലകരുടെ സഹായം കിട്ടിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാനും സാധ്യതയുണ്ട്. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഫോണ്‍ രേഖകളും പരിശോധിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

Related posts

Leave a Comment