ഓക്സിജന്‍ കിട്ടാതെ രാജ്യത്ത് വീണ്ടും 11 പേര് മരണപ്പെട്ടു. തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടായതിനെ തുടര്‍ന്നാണ് 11 പേര് മരണപ്പെട്ടത്. പുലര്‍ച്ച രണ്ട് മണിക്കൂറോളം രോഗികള്‍ക്ക് ഓക്സിജന്‍ ലഭിക്കാതിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്.
മെയ് നാലിന് തമിഴ്നാട്ടില്‍ 21,229 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 12,49,292 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 144 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് കര്‍ണ്ണാടകയില്‍ സമാനമായ സംഭവം നടന്നത്. ചാമരാജ് നഗറില്‍ 24 കൊവിഡ് രോഗികളാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്. കൂടാതെ 4 ആശുപത്രികള്‍ ഓക്സിജന്‍ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.
ആശുപത്രികളും ആരോഗ്യ വിദഗ്ധരും ഓക്സിജന്റെ ദൗര്‍ലഭ്യം ഉയര്‍ത്തിക്കാട്ടാനും ആവര്ത്തിച്ചുന്നയിക്കാനും ആരംഭിച്ചിട്ട് രണ്ടാഴ്ചയിലേറെയായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല എന്ന കടുത്ത വിമര്‍ശനമാണ് കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയും ആരോഗ്യമന്ത്രി കെ സുധാകറും നേരിടുന്നത്.
അതേസമയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന എല്ലാ മരണങ്ങളും ഓക്സിജന്റെ അഭാവം മൂലമല്ലെന്നും, മറ്റു രോഗങ്ങള്‍ കൊണ്ടാണെന്നും ചാമരാജ നഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചിരുന്നു. മരിച്ചവരില്‍ ചിലര്‍ക്ക് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതായി ജില്ലാ ആശുപത്രി ഡയറക്ടറും അറിയിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ അന്വേഷണം നടത്തി മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.