കൊല്ലം: കൊല്ലത്ത് ഇത്തവണ ശ്രദ്ധയേമാകുന്നത് രണ്ട് അട്ടിമറികള്‍. കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയുടെ പരാജയവും, കരുനാഗപ്പള്ളിയില്‍ സിറ്റിങ് എംഎല്‍എ ആര്. രാമചന്ദ്രന്റെ പരാജയവും. കഴിഞ്ഞ തവണ മുപ്പതിനായിരത്തിലധികം വോട്ടിന് കുണ്ടറയില്‍ ജയിച്ചുകയറിയ ജെ.മേഴ്സിക്കുട്ടിയമ്മയെ വിഷണുനാഥ് അട്ടിമറിക്കുമെന്ന് പ്രചാരണ തുടക്കത്തില്‍ ആരും കരുതിയില്ല. മാധ്യമങ്ങള്‍ പറയും പോലൊരു കടുത്ത മത്സരം കുണ്ടറയില്‍ താന്‍ നേരിടുന്നില്ലായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ ആദ്യപ്രതികരണം. മത്സരമില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥ് തിരിച്ചടിക്കുകയും ചെയ്തു.
മൂന്ന് വട്ടം വിജയ മധുരവും രണ്ട് വട്ടം പരാജയത്തിന്റെ കയ്പ്പും മേഴ്സിക്കുട്ടിയമ്മ കുണ്ടറയില്‍ നുണഞ്ഞിട്ടുണ്ട്. മുതിര്‍ന്ന മന്ത്രിമാരില്‍ പലരെയും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പുറത്തേക്ക് കടത്തിയിട്ടും സിപിഎം വീണ്ടും അവസരം നല്‍കിയതോടെ കുണ്ടറയിലിത് മേഴ്സിക്കുട്ടിയമ്മയുടെ ആറാം മത്സരമായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ സംസ്ഥാനമെമ്ബാടും യുഡിഎഫ് ഉന്നയിച്ച ആഴക്കടല്‍ മത്സ്യബന്ധന വിവാദം മേഴ്സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയായെന്ന് പറയാം. മന്ത്രിയെ തോല്പിക്കാന് കച്ചകെട്ടിയിറങ്ങിയ ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗ്ഗീസിന്റെ തിരഞ്ഞെടുപ്പ് നാളിലെ വ്യാജ ആക്രമണ കുപ്രചാരണവും ഒരുപരിധി വരെ ഏറ്റുവെന്ന് സംശയിക്കാം.
ഇത്തിരി വൈകിയാണ് വന്നതെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പ്രചാരണത്തില്‍ എല്‍ഡിഎഫിനൊപ്പമെത്താന്‍ കഴിഞ്ഞതാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയത്. മന്ത്രിക്കെതിരെ രാഷ്ട്രീയ വിമര്‍ശനമുന്നയിച്ചാണ് കോണ്‍ഗ്രസിന്റെ യുവനേതൃനിരയിലെ പ്രമുഖന് കുണ്ടറ പിടിച്ചത്.
മൂന്നാം തവണയാണ് നിയമസഭയിലേക്ക് പി.സി. വിഷ്ണുനാഥ് തെരഞ്ഞെടുക്കപ്പെടുന്നത്. 2006 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണയും ചെങ്ങന്നൂരില്‍ നിന്നാണ് മത്സരിച്ചത്. 2006ല്‍ സജി ചെറിയാനെയും 2011ല്‍ സി.എം. സുജാതയെയും പരാജയപ്പെടുത്തിയ വിഷ്ണുനാഥ് 2016ല്‍ മൂന്നാമങ്കത്തില്‍ കെ.കെ. രാമചന്ദ്രന് നായരോട് പരാജയപ്പെട്ടു. ഇത്തവണ കൊല്ലം മണ്ഡലത്തിലേക്ക് ആദ്യം പേരുയര്‍ന്നെങ്കിലും അവസാന നിമിഷത്തെ നാടകീയതക്കൊടുവില്‍ കുണ്ടറയിലേക്ക് കളം മാറ്റുകയായിരുന്നു.സമയം കുറവായിരുന്നെങ്കിലും മണ്ഡലം നിറഞ്ഞുനിന്ന പ്രചാരണത്തിലൂടെ ജനമനസുകള്‍ കീഴടക്കിയാണ് പി.സി. വിഷ്ണുനാഥ് വിജയം സ്വന്തമാക്കിയത്.
കരുനാഗപ്പള്ളിയില്‍ മഹേഷിന് ജയം
കരുനാഗപ്പള്ളിയില്‍ സി.ആര്.മഹേഷിന്റെ അട്ടിമറി വിജയം
കരുനാഗപ്പള്ളിയില്‍ സിറ്റിങ് എംഎല്‍എ ആര്. രാമചന്ദ്രനെ വീഴ്ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി. ആര്. മഹേഷിന് വിജയം. 11597 വോട്ടാണ് ഭൂരിപക്ഷം. 2016 ല്‍ മഹേഷിനെ 1,759 വോട്ടിനു പരാജയപ്പെടുത്തിയാണ് രാമചന്ദ്രന് ഇവിടെ ജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലേറെയും ഇടതുപക്ഷത്തോടു ചായ്വു കാട്ടിയ മണ്ഡലം 2006 മുതല്‍ സിപിഐയുടെ കയ്യിലായിരുന്നു. 2006 ലും 2011 ലും സി ദിവാകരനും 2016 ല്‍ ആര്. രാമചന്ദ്രനും ജയിച്ച മണ്ഡലത്തില്‍ ഇത്തവണയും സിപിഐ രാമചന്ദ്രനെത്തന്നെ മല്സരിപ്പിച്ചപ്പോള്, കോണ്‍ഗ്രസും കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥി സി.ആര്. മഹേഷിനെത്തന്നെയാണ് രംഗത്തിറക്കിയത്.
സിറ്റിങ് എംഎല്‍എ ആര്. രാമചന്ദ്രന് വികസന നേട്ടങ്ങളവതരിപ്പിച്ച് പ്രചാരണത്തിനിറങ്ങിയപ്പോള്‍, 2016 ല്‍ തോറ്റിട്ടും കഴിഞ്ഞ അഞ്ചുവര്‍ഷവും മണ്ഡലത്തില്‍ സജീവമായിരുന്ന യുവനേതാവ് സി.ആര്. മഹേഷില്‍ത്തന്നെ വിശ്വാസമര്‍പ്പിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണം. മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ബിറ്റി സുധീറിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര് രാമചന്ദ്രന് 69,902 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിആര്‍ മഹേഷിന് 68,143 വോട്ടുകളും ലഭിച്ചു. ബിഡിജെഎസിന്റെ വി സദാശിവന് 19,115 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമതായിരുന്നു സിആര്‍ മഹേഷ്. ബിഡിജെഎസിന്റെ വി സദാശിവന് 19,115 വോട്ടുകളാണ് ലഭിച്ചത്.