കുഴല്‍പ്പണ തട്ടിപ്പ് പുറത്തായത് സന്ദേശം പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് എത്തിയതോടെ; പൊലീസുകാരന്റെ കയ്യബദ്ധം തുറന്നുനല്‍കിയത് വലിയൊരു തട്ടിപ്പിന്റെ വാതില്‍; അന്വേഷണം സുനില്‍നായിക്കിലൂടെ ഉയര്‍ന്ന നേതാവിലേയ്‌ക്കെത്തുമെന്ന് സൂചന; പൊലീസുകാര്‍ക്ക് സംരക്ഷണകവചമൊരുക്കി ഉന്നതനേതൃത്വം

തൃശൂര്‍: ബിജെപി തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടുവന്ന മൂന്നരക്കോടിയുടെ കുഴല്‍പ്പണം കൊടകരയില്‍ വച്ച്‌ തട്ടിയെടുത്ത സംഭവം പുറത്തായത് സംഭവത്തില്‍ പങ്കാളിയായ പൊലീസുകാരന് പറ്റിയ കയ്യബദ്ധം കൊണ്ടെന്ന് സൂചന. പണം തട്ടിയെടുക്കാനുള്ള പദ്ധതി സന്ദേശം അബദ്ധത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാമൂഹിക മാധ്യമ ഗ്രൂപ്പില്‍ എത്തിയതോടെയാണ് സംഭവം മറ്റ് പൊലീസുകാര്‍ കൂടി അറിയുന്നത്. അതോടെ ഈ കേസ് മൂടിവയ്ക്കാന്‍ കഴിയാതെയായി.

കവര്‍ച്ചയില്‍ പൊലീസുകാര്‍ക്കും പങ്കുണ്ടെന്ന സൂചന ലഭിച്ചതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ കുഴല്‍പ്പണ ഇടപാടില്‍ മുതിര്‍ന്ന ആര്‍എസ്‌എസ്- ബിജെപി നേതാക്കളും കുടുങ്ങിയേക്കും. കേസുമായി ബന്ധമുള്ള പൊലീസുകാരെ സംരക്ഷിക്കാനുള്ള ശ്രമവും സേനയ്ക്കുള്ളില്‍ നടക്കുന്നുണ്ട്. ഇതിനിടെ പണം തിരിച്ചുനല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും സംഭവം വാര്‍ത്തയായതോടെ കൈവിട്ടുപോകുകയായിരുന്നു. കവര്‍ച്ചയെന്ന കേസ് കുഴല്‍പ്പണ ഇടപാട് അന്വേഷിക്കുന്നതിലേയ്ക്ക് കടന്നതോടെ ഒത്തുതീര്‍പ്പ് ശ്രമങ്ങളും പാളി.

ഇതിനിടെ അറസ്റ്റിലായ ബാബുവിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 23 ലക്ഷം രൂപയും മൂന്നു പവന്‍ സ്വര്‍ണവും കണ്ടെത്തി. മോഷ്ടിച്ച പണത്തിന്റെ ഭാഗമാണ് ഇതെന്നു സംശയിക്കുന്നു. പണം കോടതിയില്‍ ഹാജരാക്കും. 25 ലക്ഷം കവര്‍ന്നെന്നായിരുന്നു പരാതി. പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരിയായ ധര്‍മരാജനെ പൊലീസ് ചോദ്യം ചെയ്തു. ഇയാള്‍ ആര്‍എസ്‌എസ് ബന്ധമുള്ളയാളാണെന്ന് അന്വേഷണഉദ്യോഗസ്ഥയായ ഡിസിപി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഇയാള്‍ സംസ്ഥാനത്തെ ഒരു പ്രമുഖ ബിജെപി നേതാവിന്റെ വിശ്വസ്ഥന്‍ കൂടിയാണ്. ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചുവരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ ധര്‍മരാജന്റെ ബിസിനസ് പങ്കാളി കൂടിയായ സുനില്‍ നായിക്ക് എന്നയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കെ. സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോള്‍ ട്രഷററായിരുന്നു സുനില്‍ നായിക്ക്. ഇയാളും പണവുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കാറില്‍ പണവുമായി പോകുന്ന വിവരം കവര്‍ച്ചാസംഘത്തിന് ചോര്‍ത്തി നല്‍കിയത് ഷംജീറിന്റെ സഹായി റഷീദാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഏപ്രില്‍ മൂന്നിനാണു കൊടകരയില്‍ വച്ചു പണം തട്ടിയെടുത്തത്. ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഴല്‍പ്പണം കവര്‍ച്ച പതിവാക്കിയ ക്വട്ടേഷന്‍ സംഘാംഗങ്ങളാണു പിടിയിലായത്. തെരയുന്ന മൂന്നുപേരെക്കൂടി കിട്ടിയാലേ ഇതു വ്യക്തമാകൂ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ കുഴല്‍പ്പണക്കവര്‍ച്ചക്കേസില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശമുണ്ടെന്നു പൊലീസ് സൂചിപ്പിക്കുന്നു.

Related posts

Leave a Comment