ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27ന്; ക്ഷേത്ര വളപ്പില്‍ മാത്രം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കൊവിഡ്‌ പശ്ചാത്തലത്തില്‍ ക്ഷേത്ര വളപ്പില്‍ മാത്രമായി പരിമിതപ്പെടുത്തും. ഫെബ്രുവരി 27നാണ് പൊങ്കാല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. ക്ഷേത്ര വളപ്പിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുമതിയില്ല.

ആള്‍ക്കാര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയിടാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നത്.
ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര വളപ്പിലേക്കുള്ള പ്രവേശനം. ഫെബ്രുവരി 19നാണ് ഉത്സവം ആരംഭിക്കുന്നത്. ചടങ്ങുകള്‍ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി നടത്തും. ക്ഷേത്രപരിസരത്തെ കോര്‍പറേഷന്‍ വാര്‍ഡുകള്‍ മാത്രമായിരിക്കും ഉത്സവമേഖല. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കാന്‍ യോഗത്തില്‍ തീരുമാനമായി. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

Related posts

Leave a Comment