കാട്ടാനയെ തീ കൊളുത്തിയ സംഭവം: കൃത്യം നടത്തിയത് വസ്തുവകകള്‍ നശിപ്പിച്ചതിന്റെ പ്രതികാരമായിട്ടെന്ന് പ്രതികള്‍

ചെന്നൈ: മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തിയതിന് കാരണം വസ്തുവകകള്‍ നശിപ്പിച്ചതിനുള്ള പ്രതികാരമെന്ന് അറസ്റ്റിലായ പ്രതികള്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിസോര്‍ട്ട് നടത്തിപ്പുകാരായ റെയ്മണ്ട് ഡീനേയും പ്രശാന്തിനേയും റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

റിസോര്‍ട്ട് ജീവനക്കാരനായ ഒരാളുടെ കാര്‍ ഒരു ദിവസം ആന ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ഒരു ദിവസം റിസോര്‍ട്ടിന് സമീപത്തെത്തിയ ആന വന്‍നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഇതാണ് ആനയ്‌ക്കെതിരെ തീ കത്തിച്ച ടയര്‍ എറിയാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്. ആനയുടെ ശരീരത്തില്‍ നേരത്തെ കണ്ട മറ്റു മുറിവുകള്‍ എങ്ങനെ സംംഭവിച്ചുവെന്ന കാര്യത്തിലും വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ആനയുടെ ദേഹത്തേക്ക് ആളുകള്‍ തീ കത്തിച്ച ടയര്‍ എറിയുന്നതിന്റെ വീഡിയോ പുറത്തു വന്നത്. ചെവിയില്‍ കുടുങ്ങിയ ടയറുമായി ഓടുന്ന ആന കണ്ടു നിന്നവര്‍ക്കെല്ലാം തന്നെ തീരാവേദനയായി. ഗുരുതരമായി പൊളളലേറ്റ ആന കഴിഞ്ഞ ദിവസം ചെരിഞ്ഞതോടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.

Related posts

Leave a Comment