സ്റ്റേഷനുകളിൽ ഇത്തരത്തിൽ പെരുമാറരുത്; ഡിസിപി ഐശ്വര്യയ്ക്ക് സർക്കാർ മുന്നറിയിപ്പ്

കൊച്ചി: യൂണിഫോമിലല്ലാതെ പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന ഡിസിപിയെ ആളാരാണെന്ന് അറിയാതെ തടഞ്ഞ വനിതാ പൊലീസുകാരിക്കെതിരെ നടപടിയെടുത്ത് ഐശ്വര്യ ഡോങ്‌റയ്ക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത്. വനിത പോലീസുകാരിയെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയ സംഭവം വാര്‍ത്തയാകുകയും ഇവര്‍ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിന് പതിവുപോലെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് താക്കീത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസര്‍ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തല്‍. നല്ല ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസമാണ് എറണാകുളം വനിതാ സ്റ്റേഷനിലെ പാറാവു ജോലി ചെയ്ത ഉദ്യോഗസ്ഥയെയാണ് ഡിസിപി ഐശ്വര്യ ഡോങ്‌റെ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റിയത്. നോര്‍ത്ത് സ്റ്റേഷനിലേക്ക് ഒരു യുവതി കയറി വന്നപ്പോള്‍ പാറാവിലുണ്ടായിരുന്ന പൊലീസുകാരി തടഞ്ഞ് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. യുവതി യൂണിഫോമില്‍ അല്ലാത്തതിനാല്‍ ഡിസിപിയാണെന്ന് വനിതാ പൊലീസിന് മനസിലായില്ല. മാത്രമല്ല, പുതുതായി ചുമതലയേറ്റതിനാല്‍ മുഖപരിചയവും ഇല്ലായിരുന്നു. പിന്നാലെയാണ് ഡിസിപിയെയാണ് താന്‍ തടഞ്ഞതെന്ന് വനിതാ പൊലീസിന് മനസിലായത്. ഡിസിപി ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് ശ്രദ്ധിച്ചില്ലെന്നാണ് ഉദ്യോഗസ്ഥയുടെ മറുപടി. സംഭവത്തില്‍ വിശദീകരണം നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് പറഞ്ഞ് രണ്ടുദിവസത്തേക്ക് ട്രാഫിക്കിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.

ഡിസിപിയുടെ നടപടിക്കെതിരെ പൊലീസുകാര്‍ക്കുള്ളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അടുത്തിടെ ചുമതലയേറ്റ ഡിസിപി യൂണിഫോമില്‍ അല്ലാതെ വന്നാല്‍ എങ്ങനെ തിരിച്ചറിയുമെന്ന് പൊലീസുകാര്‍ ചോദിക്കുന്നു. മാത്രമല്ല, കൊവിഡ് നിയന്ത്രണങ്ങളുള്ളപ്പോള്‍ സ്റ്റേഷനിലേക്ക് വരുന്നയാളെ ചോദ്യമില്ലാതെ കയറ്റിവിട്ടാല്‍ അതും കൃത്യവിലോപമായി കാണില്ലേയെന്നും ഇവര്‍ ചോദിക്കുന്നു.

അതേസമയം, തന്റെ നടപടിയെ ഡിസിപി ഐശ്വര്യ ന്യായീകരിക്കുകയാണ് ചെയ്തത്. പാറാവ് ജോലി ഏറെ ജാഗ്രതയോടെ ചെയ്യേണ്ടതാണ്. അ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയ്ക്ക് ശ്രദ്ധ കുറവുണ്ടായിരുന്നു. ഡിസിപിയായ താന്‍ ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് അവര്‍ ശ്രദ്ധിച്ചില്ലെന്നും ഐശ്വര്യ പറഞ്ഞു. ട്രാഫിക്കില്‍ അവര്‍ നല്ല രീതിയിലാണ് ജോലി ചെയ്യുന്നതെന്നും അതിനെ അഭിനന്ദിക്കുന്നെന്നും ഐശ്വര്യ വിശദീകരിച്ചിരുന്നു.

Related posts

Leave a Comment