കൊച്ചി: ( 13.01.2021) പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സിഡബ്ല്യുസി സംരക്ഷണം ഏറ്റെടുത്ത 14കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കാക്കനാട് ചിള്‍ഡ്രന്‍സ് ഹോമിനു മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. കാലടി സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. 2018 മാര്‍ച്ചില്‍ സമീപവാസിയുടെ പീഡനത്തിന് ഇരയായ കുട്ടിയെ സിഡബ്ല്യുസി ഏറ്റെടുത്തശേഷം സ്വകാര്യ കെയര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് ഈ പെണ്‍കുട്ടിയെ കാണാനെത്തിയ മുത്തശ്ശിക്ക് അതിനു സാധിച്ചില്ലെന്നും ആരോപണമുണ്ട്. ഓട്ടിസം ബാധിച്ചിരുന്ന പെണ്‍കുട്ടിയുടെ ചികിത്സയോ സുരക്ഷയോ ശിശുക്ഷേമ സമിതി ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം ഏറ്റെടുത്ത് മുന്നോട്ടു വന്നിട്ടുണ്ട്.
മരണത്തിന്റെ ഉത്തരവാദിത്തം ശിശുക്ഷേമ സമിതി ഏറ്റെടുക്കണമെന്നാണ് ആവശ്യം. പോക്‌സോ കേസ് വിചാരണയിലിരിക്കെ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് ഇവരുടെ ആരോപണം. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം വരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.
അതേസമയം, പെണ്‍കുട്ടി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായും വേണ്ട ചികിത്സ നല്‍കിയെന്നുമാണ് ശിശുക്ഷേമ സമിതിയുടെ വാദം. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ സമിതി തയാറായിട്ടില്ല.