തിരുവനന്തപുരം: നീണ്ട പത്ത് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്നു. വിജയുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്റര്‍ ആണ് ആദ്യ ചിത്രം. രാവിലെ 9 മണി മുതലാണ് സംസ്ഥാനത്ത് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. മുഴുവന്‍ തിയറ്ററുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. സംസ്ഥാനത്തെ 670 സ്ക്രീനുകളില്‍ അഞ്ഞൂറില്‍ മാത്രമാണ് പ്രദര്‍ശനം.
രാവിലെ 9 മണിക്ക് ആരംഭിച്ച് രാത്രി 9 മണി വരെ എന്ന നിലയ്ക്കാണ് പ്രദര്‍ശനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരു ദിവസം 3 ഷോ ആണ് ഉണ്ടാവുക. സീറ്റുകള്‍ തമ്മില്‍ കൃത്യമായ അകലം ഉറപ്പാക്കി ക്രമീകരിച്ചിട്ടുണ്ട്. മാത്രമല്ല തിയറ്ററുകള്‍ അണുവിമുക്തമാക്കിയും മറ്റ് കൊവിഡ് പ്രൊട്ടോക്കോളുകള്‍ പാലിച്ചുമാണ് പ്രദര്‍ശനം. എല്ലായിടത്തും അന്‍പത് ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം.
വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വിജയ് ചിത്രം മാസ്റ്ററിനെ വരവേറ്റത്. പത്ത് മാസങ്ങള്‍ക്ക് ശേഷം വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശം പ്രേക്ഷകരില്‍ പ്രകടമായിരുന്നു. എല്ലാ തിയറ്ററുകളിലും ഹൗസ് ഫുള്‍ ആയിട്ടാണ് മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നത്. വരും ദിവസങ്ങളിലേക്കുളള ബുക്കിംഗുകളും 80 ശതമാനത്തോളം പൂര്‍ണമായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റ് ചിത്രമായ മാസ്റ്ററിന്റെ വരവ് കേരളത്തിലടക്കം തിയറ്റര്‍-സിനിമാ വ്യവസായത്തിന് പുത്തന്‍ ഉണര്‍വ് നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ന് തുറക്കാതിരിക്കുന്ന തിയറ്ററുകള്‍ അടുത്ത ആഴ്ച മുതല്‍ തുറന്നേക്കും. മലയാള സിനിമകളുടെ പ്രദര്‍ശനം ജനുവരി 22 മുതല്‍ ആരംഭിക്കുകയാണ്. ജയസൂര്യ നായകനായ വെള്ളം ആണ് ആദ്യം പ്രദര്‍ശനത്തിന് എത്തുന്ന മലയാള ചിത്രം. അതിന് ശേഷം സെന്‍സറിംഗ് പൂര്‍ത്തിയായ മറ്റ് ചിത്രങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ റിലീസ് ചെയ്യും. വിനോദ നികുതി ഒഴിവാക്കും എന്നതടക്കം മുഖ്യമന്ത്രി പിണറായി വിജയനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിന് ശേഷമാണ് തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.