ഇടുക്കി: വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടി സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. ഇടുക്കി എസ്പി പി. കെ. മധുവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഡിജിപി കൈമാറി. ഇടുക്കി എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തെ അന്വേഷണം നടത്തിയിരുന്നത്.
അറസ്റ്റിലായ നടി ബ്രിസ്റ്റി വിശ്വാസിന് ലഹരി മരുന്ന് മാഫിയയുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തും. റിസോര്‍ട്ടിലേക്ക് മയക്കുമരുന്ന് എത്തിച്ചതിന് പിന്നില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിന് ഡിജിപി അനുവാദം നല്‍കിയിട്ടുണ്ട്.
വാഗമണ്‍ റിസോര്‍ട്ടിലെ നിശാപാര്‍ട്ടിയില്‍ ഏഴ്തരം ലഹരിവസ്തുക്കള്‍ പാര്‍ട്ടിയിലുപയോഗിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. മഹാരാഷ്ട്ര ബെംഗളൂരു എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. തൊടുപുഴ സ്വദേശിയായ അജ്മല്‍ സക്കീറാണ് ഇവ എത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പുറത്തും ഇയാള്‍ക്ക് ഇടപാടുകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം അറസ്റ്റിലായ മെഹറിന്, നബില്‍ എന്നിവര്‍ക്കുള്ള കേസിലെ ബന്ധവും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കഴിഞ്ഞ ഡിസംബര്‍ 20നാണ് വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരി മരുന്ന് പാര്‍ട്ടിക്ക് എത്തിയ 58 പേരടങ്ങുന്ന സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ പക്കല്‍ നിന്നും എല്‍എസ്ഡി, ഹാഷിഷ്, മെത്ത് ക്രിസ്റ്റല്‍ കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളാണ് പോലീസ് പിടികൂടിയിരുന്നു. അതേസമയം റിസോര്‍ട്ട് ഉടമയായ സിപിഐ പ്രാദേശിക നേതാവിനെ കേസില്‍ നിന്നും സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ സംഘത്തിന്റേതെന്ന് ആദ്യം തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇയാളെ കേസില്‍ പ്രതിചേര്‍ക്കാന്‍ തയ്യാറായില്ല. ഇതോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തവരെ പിടികൂടിയെങ്കിലും അതില്‍ 49 പേരെയും വിട്ടയച്ചെന്നുമാണ് പരാതി ഉയരുന്നത്.