തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനെ ഇനി ആര്യ രാജേന്ദ്രന്‍ നയിക്കും. കോര്‍പ്പറേഷന്‍ മേയറായി ആര്യ രാജേന്ദ്രനെ ഇന്ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ തിരഞ്ഞെടുത്തു. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില്‍ ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.
ആകെ പോള്‍ ചെയ്‌ത 98 വോട്ടുകളില്‍ 54 വോട്ടുകള്‍ ആര്യ നേടിയപ്പോള്‍ എന്‍ ഡി എയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സിമി ജ്യോതിഷ് 35 വോട്ടും യു ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ മേരി പുഷ്‌പം 9 വോട്ടുകളുമാണ് നേടിയത്. ആര്യയുടെ സത്യപ്രതിജ്ഞ ചടങ്ങിന് തലസ്ഥാനത്തെ മുന്‍ മേയര്‍മാരായ ചന്ദ്രിക, വി കെ പ്രശാന്ത്, കെ ശ്രീകുമാര്‍, ശിവന്‍കുട്ടി അടക്കം പ്രമുഖരുടെ നിര തന്നെയുണ്ടായിരുന്നു. മന്ത്രി കടകംപളളി സുരേന്ദ്രനും ചടങ്ങിനെത്തി.
സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ് എഫ് ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. ഓരോ വാര്‍ഡിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയെന്നതാണ് സ്വപ്‌ന പദ്ധതിയെന്ന് ആര്യ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് അസുഖങ്ങള്‍ പിടികൂടൂമോയെന്ന ഭയത്താല്‍ ചെറിയ അസുഖങ്ങള്‍ക്ക് ചികിത്സ തേടാന്‍ കുട്ടികള്‍ ഉള്‍പ്പടെയുളളവര്‍ മടിക്കുന്നത് ഒഴിവാക്കാന്‍ ഇതു സഹായിക്കും. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. ഒരു വര്‍ഷത്തിനു ശേഷം സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു ഗംഭീര സ്വീകരണം ഒരുക്കും. തൊഴില്‍ നഷ്‌ടപ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുളള പദ്ധതികള്‍ ആരംഭിക്കുമെന്നും ആര്യ വ്യക്തമാക്കി. മേയര്‍ സ്ഥാനത്തിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടു പോകാനാണ് ആര്യയുടെ ആഗ്രഹം.