പൊറിഞ്ചു മറിയം ജോസ്’ ഒന്നാന്തരം എന്റര്‍ടെയിനര്‍

മലയാളത്തിന്റെ മാസ്റ്റര്‍ കൊമേര്‍ഷ്യല്‍ ക്രാഫ്റ്റ്സ്മാന്റേത് അത്യുജ്ജ്വല തിരിച്ചുവരവ്; പാവങ്ങളുടെ മമ്മൂട്ടിയായി ജോജുജോര്‍ജ്; തന്‍േറടിയായ സ്ത്രീകഥാപാത്രമായി നൈല ഉഷ; ചിരിപ്പിച്ചും നൊമ്ബരമായും ചെമ്ബന്‍ വിനോദ്; താരങ്ങളുടെ അഭിനയ മല്‍സരംപോലെ ഈ ചിത്രം

ജോഷി ഇത്തവണ ചതിച്ചില്ലാശാനേ, പുതിയ പടം ഉഗ്രന്‍ എന്റര്‍ടെയിനറാണ്! കഴിഞ്ഞ കുറക്കാലായി ജോഷി ചിത്രങ്ങള്‍ ഇറങ്ങുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന വാചകം ‘ജോഷി വീണ്ടും ചതിച്ചാശാനെ’ എന്ന മമ്മൂട്ടിയുടെ ‘കോട്ടയം കുഞ്ഞച്ചന്‍’ ട്രോളായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങള്‍ എടുത്ത സംവിധായകരില്‍ ഒരാളായ ജോഷി, നാലുവര്‍ഷത്തെ ഇടവേളക്കുശേഷം സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രം എല്ലാ ചേരുവകളും ചേരുമ്ബടി ചേര്‍ത്ത പക്കാ വാണിജ്യ സിനിമയാണ്. പെരുന്നാളും, വെടിക്കെട്ടും, ബാന്റും, പാട്ടും, കള്ളുഷാപ്പും, തമാശയും അടിപിടിയും, കത്തിക്കുത്തും, പ്രണയവും, വിരഹവും, സെന്റിമെന്‍സും, കുടുംബ കഥയും ഒക്കെയായി ഒരു സൂപ്പര്‍ മസാല. ഈ 67ാം വയസ്സിലും തനിക്ക് ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കയാണ് ഈ മലയാള മാസ്സ് സിനിമയുടെ തലതൊട്ടപ്പന്‍. ലോക്പാല്‍, സലാം കാശ്മീര്‍, അവതാരം, ലൈല ഒ ലൈല എന്ന ഒന്നിനും കൊള്ളാത്ത ചവറ് ചിത്രങ്ങളാണ് അവസാനമായി ജോഷി എടുത്തത്. ന്യൂഡല്‍ഹിയും, നായര്‍സാബും, ട്വന്റി ട്വന്റിയും, കൗരവരും, ധ്രുവവും, ലേലം, മഹായാനവും, ഈ തണുത്ത വെളുപ്പാന്‍ കാലത്തുമൊക്കെയെടുത്ത ജോഷി ഈ രീതിയില്‍ താഴോട്ടുപോയല്ലോ എന്ന സിനിമാപ്രേമികളുടെ ആധിയും ഇതോടെ മാറിക്കിട്ടും.

എന്തായിരുന്നു അവസാനമായി ഇറങ്ങി പൊട്ടിയ ജോഷിപ്പടങ്ങളുടെയാക്കെ തകരാറ് എന്ന് ഈ പടം കണ്ടാല്‍ കൃത്യമായി മനസ്സിലാവും. ജോഷിയെപ്പോലൊരു പൊട്ടഷ്യല്‍ ഡയറക്ടര്‍ക്ക് ഇറങ്ങി പണിയാനുള്ള ഒരു ശക്തമായ കഥപരിസരം അതില്‍ ഒന്നും ഉണ്ടായിരുന്നില്ല. മുമ്ബ് ഡെന്നീസ് ജോസഫിനും, പത്മരാജനും, ലോഹിതദാസിനും, രഞ്ജിപണിക്കര്‍ക്കും, ഉദയകൃഷ്ണ ടീമിനുമൊപ്പം സിനിമകള്‍ എടുത്ത ജോഷിക്ക് നല്ല പ്രമേയങ്ങള്‍ കൊടുക്കാന്‍ പറ്റിയ എഴുത്തുകാര്‍ പിന്നീട് വന്നിട്ടില്ല. 1978 മുതലുള്ള കാലയളവില്‍ എഴുപതോളം ചിത്രങ്ങള്‍ എടുത്ത ജോഷിക്ക് കഥ നിര്‍ണ്ണായകമാണ്. ഇവിടെ അത് കിട്ടി. അതിന് ഈ ചിത്രത്തിന് ആധാരമായ ‘വിലാപ്പുറങ്ങള്‍’ എന്ന നോവല്‍ എഴുതിയ ലിസി ജോസും, തിരക്കഥ ഒരുക്കിയ അഭിലാഷ് ചന്ദ്രനും അഭിനന്ദനം അര്‍ഹിക്കുന്നു. ( ലിസി ജോസിനെ ഈ ചിത്രത്തിന്റെ അണിയറക്കാര്‍ അംഗീകരിക്കുന്നില്ലെങ്കിലും).

ഒരു സ്റ്റാര്‍ ഓറിയന്‍ഡഡ് ചിത്രമാണിത്. ഒരൊറ്റ കഥാപാത്രംപോലും ഇതില്‍ മോശമായിട്ടില്ല. ‘ജോസഫി’ലൂടെ ദേശീയ അവാര്‍ഡ് നേടിയ ജോജുജോര്‍ജിന്റെ അതിശക്തമായ വേഷമാണ് കാട്ടാളന്‍ പൊറിഞ്ചു. ഒപ്പം ചെമ്ബന്‍ വിനോദ്, നൈല ഉഷ, തുടങ്ങിയവര്‍ അങ്ങോട്ട് തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ പൊളിക്കുകയാണ്. പിന്നെ കൊമേര്‍ഷ്യല്‍ സിനിമകളില്‍ കലാമൂല്യം എത്രയുണ്ടെന്നൊന്നും സാധാരണ ആരും അന്വേഷിക്കാറില്ല. പക്ഷേ ഈ പടം ആ അര്‍ഥത്തിലുള്ള വിലയിരുത്തലിലും വല്ലാതെ പിറകോട്ട് പോകുന്നില്ല. ആദ്യ ഷോട്ടുതൊട്ട് ഒരിടത്തും ഇഴച്ചിലില്ലാതെ 80കളിലെ തൃശൂര്‍ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് സംവിധായകന്‍. അതും കൊതിപ്പിക്കുന്ന ഫ്രെയിമുകളിലൂടെ. ഒരു അടിപൊളി പടം ഇഷ്ടപ്പെട്ടുപോകുന്ന സാധാരണ പേക്ഷകന് ടിക്കറ്റ് കാശ് വസൂലാകുന്ന ചിത്രമാണിത്.

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷം

മൊത്തത്തില്‍ ഒരു ഫെസ്റ്റിവല്‍ മൂവി പോലെയാണ് ഈ ചിത്രം. തൃശൂരിലെ പള്ളിപ്പെരുന്നാളും ബാന്‍ഡുമാണ് പശ്ചാത്തലം. ഇതൊക്കെ പലവട്ടം കണ്ടതാണെങ്കിലും ഈ പടത്തില്‍ എന്തൊക്കെയോ പുതുമ തോന്നിക്കുന്നുണ്ട്. അതാണ് സംവിധായകന്റെ വിജയം. ജോഷിയുടെ വിജയചിത്രമായ നരന്റെ രീതിയിലാണ് ഈ പടവും. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷമാണ് ചിത്രം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ പൊറിഞ്ചു ( ജോജുജോര്‍ജ്), മറിയം ( നൈല ഉഷ), ജോസ് ( ചെമ്ബന്‍ വിനോദ്) എന്നീ സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അതിനൊപ്പം മൊയ്തീന്‍- കാഞ്ചനമാല പ്രണയം പോലെ പൊറിഞ്ചുവും മറിയവും തമ്മിലുള്ള മനോഹര പ്രണയവും.

അറുപതുകളില്‍ തുടങ്ങി 1985 കാലഘട്ടത്തില്‍ അവസാനിക്കുന്ന കഥ നടക്കുന്നത് തൃശൂരിന്റെ പശ്ചാത്തലത്തിലാണ്. ആലപ്പാട്ട് വര്‍ഗീസ് എന്ന പ്രമാണിയുടെ മകള്‍ മറിയവും അടിസ്ഥാന വര്‍ഗമായ പൊറിഞ്ചുവും തമ്മിലുള്ള സൗഹൃദം സ്‌കൂള്‍ക്കാലത്ത് തുടങ്ങിയതാണ്. ഇടയ്ക്ക് അത് പ്രണയമാവുന്നു. എല്ലാറ്റിനും സാക്ഷിയായി ഉറ്റ സുഹൃത്ത് ജോസും. ചെയ്യാത്ത തെറ്റിന് സ്‌കുളില്‍നിന്ന് പുറത്താക്കപ്പെടുന്ന പൊറിഞ്ചു വളര്‍ന്ന് വലുതാവുന്നത് നാട്ടുകാര്‍ ആരാധിക്കുന്ന പ്രതിനായകനെയാണ്. പത്തുപേര്‍ വന്നാലും ഒറ്റയ്ക്കുനിന്ന് പോരടിക്കുന്ന ശരിക്കും ഒരു ‘കാട്ടാളന്‍’. നാട്ടിലെ കുട്ടികളൊക്കെ വളരുന്നത് പൊറിഞ്ചുവിന്റെ വീര കഥകള്‍ കേട്ടാണ്. അതുപോലെയാണ്് ഈ സോ കോള്‍ഡ് കുലസ്ത്രീ സ്വഭാവത്തെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള മറിയവും. മദ്യപിക്കുകയും പള്ളിപ്പെരുന്നാളിന് പരസ്യമായി ഡാന്‍സ് ചെയ്യുകയും, തൃശൂര്‍ മാര്‍ക്കറ്റില്‍ പട്ടാപ്പകല്‍ പലിശപ്പണം പിരിക്കയും, തോണ്ടിയവന്റെ കുത്തിന് പടിച്ച്‌ വിരട്ടുകയും ചെയ്യുന്ന, ഒറ്റക്ക് താമസിക്കുന്ന വിമതയായ സ്ത്രീ. അവര്‍ എന്തുകൊണ്ട് അങ്ങനെയായി എന്നതൊക്കെ പ്രേക്ഷകര്‍ കണ്ട് അറിയുക

വിജയരാഘവന്‍ അവതരിപ്പിക്കുന്ന ഐപ്പ് എന്ന മുതലാളിക്ക് വേണ്ടി മരിക്കുന്ന പ്രകൃതമാണ് പൊറിഞ്ചുവിന്റെത്. ഐപ്പിനെ പൂട്ടാന്‍ വരുന്ന ഗുണ്ടകളെയൊക്കെ ഒറ്റക്ക് അടിച്ചിടുന്നത് മരണമാസ്സായാണ് ചിത്രീകരിച്ചിരിക്കുന്ന്. ഒന്ന് പിഴച്ചാല്‍ കത്തി എന്ന് പറഞ്ഞുപോവുന്ന ഇത്തരം സീനുകളില്‍ കാണാം സംവിധായകന്റെ കൈയടക്കം. സൗഹൃദം തുടരുമ്ബോഴും മറിയവും പൊറിഞ്ചുവും തമ്മിലുള്ള പ്രണയം സാക്ഷാത്കരിക്കാതെ പോവുകയാണ്. പക്ഷേ മറിയത്തിനായുള്ള പൊറിഞ്ചുവിന്റെ കാത്തിരിപ്പ് തുടരുകയാണ്. പൊറിഞ്ചുവും മറിയവും ഒന്നിക്കണമെന്ന് ജോസും ശക്തമായി ആഗ്രഹിക്കുന്നു. ഈ കാത്തിരിപ്പിനുമിടയില്‍ ഒരു പള്ളിപെരുന്നാള്‍ കാലത്ത് സംഭവിക്കുന്ന അപ്രതീക്ഷിതമായ ചില കശപിശകളും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമൊക്കെയാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്.

പക്ഷേ ഒന്നു രണ്ട് കാര്യങ്ങളില്‍ ഈ ചിത്രത്തോടുള്ള വിയോജിപ്പുകള്‍ പറയാതിരിക്കാന്‍ വയ്യ. അതിലൊന്നാണ്് സിനിമാറ്റിക്കാവാനുള്ള ശ്രമത്തിനിടയില്‍ ചിലയിടത്തൊക്കെ സാമാന്യ യുക്തി കൈയില്‍ നിന്ന് പോവുന്നുണ്ട്. എതിരാളികളെയൊക്കെ അടിച്ച്‌ പറപ്പിക്കുന്ന കാട്ടാളന്‍, ചിത്രത്തിന്റെ റിയലിസ്റ്റിക്ക് ടോണിന് ചേരുന്നില്ല. നിയമവാഴ്ചയല്ലാത്ത വെള്ളരിക്കാപ്പട്ടണത്തില്‍ നടക്കുന്ന കഥ എന്ന കമേര്‍ഷ്യല്‍ സിനിമയുടെ പതിവ് ഫോര്‍മാറ്റ് ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നു. ജോഷി എക്കാലവും പഴികേട്ടത് ഗോഡൗണ്‍ ക്ലൈമാക്‌സിന്റെ പേരിലാണ്. നായകനും വില്ലനും ഉള്‍പ്പെടെയുള്ള സകലരും ഒരു ഗോഡൗണിലെത്തി അടിപിടിയും, വെടിയും, അവസാനം തീയിടലും. ഇത് പൂര്‍ണ്ണമായും മാറ്റിപ്പിടിക്കാന്‍ ജോഷിക്കായിട്ടില്ല. ഗോഡൗണിന് പകരം മാര്‍ക്കറ്റും പള്ളിപ്പെരുന്നാള്‍ പരിസരങ്ങളിലേക്കുമായി കഥാപരിസരം മാറുന്നുണ്ട്. തീപ്പിടുത്തവും ബോംബേറും ഇല്ലെന്ന് മാത്രം. പാരമ്ബര്യങ്ങളെയും മാമൂലുകളെയും ലംഘിച്ച്‌ ജീവിക്കുന്നവരാണ് പൊറിഞ്ചുവും, മറിയവും, ജോസും. പക്ഷേ അപ്പോഴും യജമാന സ്നേഹം എന്ന ഒരു സാധനം പൊറിഞ്ചുവില്‍നിന്ന് പോയിട്ടില്ല എന്നറിയാന്‍ നിങ്ങള്‍ ക്ലൈമാക്സ്വരെ കാത്തിരിക്കുക.

പാവങ്ങളുടെ മമ്മൂട്ടിയായി ജോജു ജോര്‍ജ്

‘തൃശ്ശൂരില്‍ ജീവിച്ചിരുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്റെ ജീവിതം ആസ്പദമാക്കിയാണ് കാട്ടാളന്‍ പൊറിഞ്ചു രൂപപ്പെടുത്തിയിരിക്കുന്നത്. പൂരങ്ങളുടെയും പെരുന്നാളുകളുടെയും നാടാണ് തൃശൂര്‍. ഞങ്ങളുടെയൊക്കെ ചെറുപ്പത്തില്‍ പെരുന്നാളിന് അടി ഉറപ്പാണ്. ഒരു വശത്തു ബാന്‍ഡ് മേളം കൊട്ടിക്കയറുമ്ബോള്‍ മറുവശത്തു അടി പൊട്ടിക്കയറും. അങ്ങനെ അടി പൊറിഞ്ചുമാര്‍ അന്ന് നാട്ടില്‍ ധാരാളമുണ്ടായിരുന്നു. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അടിയല്ല. അതുകൊണ്ട് ജീവഹാനിയൊന്നും ഉണ്ടാകില്ല. ചില പെരുന്നാളിന് ഉണ്ടാകുന്ന അടിയുടെ തുടര്‍ച്ച അടുത്ത പെരുന്നാളിനായിരിക്കും. അങ്ങനെയുള്ളൊരു പൊറിഞ്ചുവാണ് എന്റെ കഥാപാത്രം.” ചിത്രം ഇറങ്ങുന്നതിന് മുമ്ബ്് അഭിമുഖത്തില്‍ ജോജു പറഞ്ഞത് ഇങ്ങനെയായിരുന്നു.

പക്ഷേ ചിത്രം കണ്ടാല്‍ അറിയാം അതുക്കുംമേലെയാണ് ജോജുവിന്റെ പ്രകടനം. പലയിടത്തും മമ്മൂട്ടിയോട് കിടപിടിക്കുന്ന രീതിയില്‍. ഈ പടത്തോടെ പാവങ്ങളുടെ മമ്മൂട്ടി എന്നപേരും അദ്ദേഹത്തിന് കിട്ടും. പല്ലിനിടയില്‍ ബീഡി ഒട്ടിച്ചുവെച്ചതുപോലെ തോന്നിപ്പിച്ച്‌ പുകയൂതിക്കൊണ്ട് പള്ളിപ്പെരുന്നാളിന് ഇടയിലെ അടിപിടിയിലെ കാട്ടാളന്റെ ഇന്‍ട്രോ സീനൊക്കെ മരണമാസ്സ് തന്നെയാണ്. പക്ഷേ സൂപ്പര്‍താരങ്ങള്‍ അല്ലാത്തതുകൊണ്ട് തുള്ളിച്ചാടാനും തള്ളാനും ഫാന്‍സുകാര്‍ ഇല്ലെന്ന് മാത്രം. മുരളിയും വേണുനാഗവള്ളിയുമടക്കമുള്ള സ്വഭാവ നടന്മാരുടെ ഗ്യാപ്പ് നികത്തുന്നത് ജോജുവിനെപ്പോലുള്ള കരുത്തര്‍ തന്നെയാണ്. എക്സ്ട്രാ നടനായി വന്ന് നായകനായ ജോജുവിന്റെ വളര്‍ച്ചയും കൊതിപ്പിക്കുന്നതാണ്.

ശരീരഭാഷ കൊണ്ടും തമാശകള്‍ കൊണ്ടും സ്‌ക്രീനില്‍ ചിരിയുണര്‍ത്തുന്ന സാമീപ്യമാണ് ചെമ്ബന്‍ വിനോദിന്റെ ജോസ്. അയാളുടെ ഡിസ്‌കോ ചുവടുകളുമൊക്കെ കാണണം. കമല്‍ഹാസന്റെ മൂന്നാംപിറയൊക്കെ അഭിനയിച്ച്‌ കാണിക്കുന്നത് ചിരിയുണര്‍ത്തും. ശരീരഭാഷകൊണ്ട് മാത്രം ചിരിപ്പിക്കാന്‍ കഴിയുന്ന നടന്മാര്‍, ഒരുപക്ഷേ ജഗതിക്കുശേഷം ചെമ്ബനും സൗബിന്‍ ഷാഹിറും ആയിരിക്കും. ശരിക്കും ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളാണ് നൈല ഉഷ. ജോജുവിനും ചെമ്ബനുമൊപ്പം തന്നെ പെര്‍ഫോമന്‍സിലൂടെ സ്‌ക്രീനില്‍ തന്റെയിടം ഉറപ്പിക്കുന്നുണ്ട് നൈലയും. ടി ജി രവിയും സുധീര്‍ കൊപ്പെയുമടക്കമുള്ള ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്ത മുഴുവന്‍ നടീനടന്മാരും നന്നായിട്ടുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടാണ്. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും തന്റെ ജോലി ഗംഭീരമാക്കി.

Related posts

Leave a Comment