ഷിക്കാഗോ ഓ ഹെയര്‍ വിമാനത്താവളത്തില്‍ വിമാന നിയന്ത്രണ വാഹനമിടിച്ച്‌ മലയാളി യുവാവിന് ദാരുണാന്ത്യം, മരിച്ചത് പത്തനാപുരം സ്വദേശിയായ 35കാരന്‍

ഷിക്കാഗോ: ഷിക്കാഗോ ഓ ഹെയര്‍ വിമാനത്താവളത്തില്‍ വിമാന നിയന്ത്രണ വാഹനമിടിച്ച്‌ മലയാളി യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. പത്തനാപുരം സ്വദേശിയായ 35കാരന്‍ ജിജോ ജോര്‍ജ് ആണ് മരിച്ചത്. ഓ’ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാരനായിരുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സബ്‌സിഡിയറിയായ ഓണ്‍വോയില്‍ എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രണ്ടുവര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു.

പത്തനാപുരം ഷാലോംപുരം പാറപ്പാട്ട് കുടുംബാംഗമായ കുഞ്ഞുമോന്‍ -മോണി ദമ്ബതികളുടെ മകനാണ്‌. വര്‍ഷങ്ങളായി ജിജോയും സഹോദരന്‍ ലിജോയും ഇവരുടെ കുടുംബവും അമേരിക്കയിലുണ്ട്. ഷിക്കാഗോയിലെ സബര്‍ബ് ആയ ഡെസ്പയറിലാണ് താമസം. ഭാര്യ: ആനി. രണ്ട് വയസുള്ള മകളുണ്ട്.

ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം സംബന്ധിച്ച്‌ വിവരം ലഭിച്ചതെന്ന് ഷിക്കാഗോ പോലീസ് പറഞ്ഞു. വാഹനത്തിന് കീഴില്‍ അനക്കമറ്റ കിടക്കുന്ന നിലയിലാണ് ജിജോയെ കണ്ടെത്തിയത്. വിമാനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന പ്രത്യേക വാഹനമാണ്‌ ജിജോയെ ഇടിച്ചതെന്ന് സംശയിക്കുന്നു.

അപകടം നടന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് വിവരം അമേരിക്കയിലുള്ള സഹോദരന്‍ ലിജോയെ അറിയിച്ചതെന്ന് കുടുംബം പറഞ്ഞു. അപകടം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ വിമാനത്താവള അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ബന്ധുക്കള്‍ക്ക് പരാതിയുണ്ട്.

Related posts

Leave a Comment