ബ്ലൂംബെര്‍ഗ്: സിങ്കപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലിന്റെ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഇന്ത്യയുടെ സാമ്ബത്തിക പരിഷ്കരണ നയങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തോടെ ഇന്ത്യയില്‍ സാര്‍വത്രികമായ ഡിജിറ്റല്‍ പണമിടപാട് രീതികളെയും ആധാറിനേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബില്‍ ഗേറ്റ്സിന്റെ അഭിപ്രായപ്രകടനം.
ഇന്ത്യയുടെ ഈ നയങ്ങള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായം വിതരണം ചെയ്യുന്നതിനുളള ചെലവ് ഗണ്യമായി കുറച്ചു, പ്രത്യേകിച്ച് മഹാമാരിയുടെ സമയത്ത്. ചൈനയല്ലാതെ മറ്റൊരു രാജ്യത്തെ കുറിച്ച് പഠിക്കാന്‍ ആളുകള്‍ പോകുന്നുണ്ടെങ്കില്‍ അവര്‍ ഇന്ത്യയെ ഉറ്റുനോക്കണമെന്ന് ഞാന്‍ പറയും. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവിടെ നടക്കുന്നത്, ആ വ്യവസ്ഥിതിക്ക് ചുറ്റുമുളള നവീകരണങ്ങള്‍ അസാധാരണമാണ്. – ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ബാങ്കുകള്‍ തമ്മിലോ, അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയോ പണം കൈമാറ്റം ചെയ്യുന്നതിനുളള സംവിധാനവുമുള്‍പ്പടെ ആഗോള തിരിച്ചറിയലിനും ഡിജിറ്റല്‍ പേമെന്റിനുമായി ഇന്ത്യ ഉത്കര്‍ഷേച്ഛയുളള വേദികള്‍ നിര്‍മിച്ചിരിക്കുകയാണ്. ഇന്ത്യ ഒരു മികച്ച മാതൃകയാണ്. ഓപ്പണ്‍സോഴ്സ് സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ സമാനമായ വ്യവസ്ഥിതികള്‍ അവതരിപ്പിക്കാന്‍ മതിയായ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചിട്ടില്ലാത്ത മറ്റുരാജ്യങ്ങളെ തങ്ങളുടെ സംഘടന സഹായിച്ചുവരികയാണെന്നും ബില്‍ ഗേറ്റ്സ് കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രതിരോധ വാക്സിന് വേഗത്തില്‍ വികസിപ്പിച്ചെടുക്കാനായതിലും ബില്‍ ഗേറ്റ്സ് സന്തോഷം പ്രകടിപ്പിച്ചു. കോവിഡ് പ്രതിരോധത്തിനായി അടുത്ത വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ആറ് ചികിത്സാരീതികള്‍ ഉണ്ടായിരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതൊരു സുപ്രധാനനേട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘റിമോട്ട് ലേണിങ്, ടെലിമെഡിസിന്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ തുടങ്ങി ഡിജിറ്റല്‍ കാര്യങ്ങള്‍ മൊത്തത്തില്‍ വളരെയധികം പുരോഗമിച്ചു. മഹാമാരി ഭീതിജനകമായിരുന്നുവെങ്കിലും അത് ഇത്തരത്തിലുളള ചില നവീകരണങ്ങളിലേക്കാണ് നമ്മെ എത്തിച്ചത്, വേഗത്തിലുളള പ്രതിരോധവാക്സിന്‍ ഉള്‍പ്പടെ.
ആര്‍ക്കാണ് കോവിഡ് വാക്സിന് ലഭിക്കേണ്ടതെന്ന് ലോകത്തെ സാമ്ബത്തികശക്തിയായ രാജ്യങ്ങള്‍ തീരുമാനിക്കരുതെന്നും തുല്യത ഉറപ്പാക്കണം. വാക്സിനുകള്‍ക്ക് 2022 ഓടെ കൊറോണ വൈറസിന്റെ അവസാനം കുറിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മഹാമാരി വന്നേക്കാമെന്ന കാര്യം നാം മറന്നുകൂട. അതിനാല്‍ നാം അതിനായി നിക്ഷേപം നടത്തുകയും തയ്യാറായി ഇരിക്കുകയും വേണം.’ ബില്‍ ഗേറ്റ്സ് പറഞ്ഞു.