നാഗ്പുര്‍: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വന്‍ തിരിച്ചടി. തെരഞ്ഞെടുപ്പു നടന്ന ആറു സീറ്റുകളില്‍ ഒരിടത്ത് മാത്രമാണു ബിജെപി വിജയിച്ചത്. നാലിടത്തു കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന സഖ്യം വിജയിച്ചു. കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുടെ രണ്ടു സ്ഥാനാര്‍ഥികളാണ് മഹാസഖ്യത്തില്‍ വിജയിച്ചത്.
ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി. ശിവസേന അമരാവതിയിലെ ഒരു സീറ്റിലാണ് മത്സരിച്ചത്. ഇവിടെ പിന്നിലാകുകയും ചെയ്തു.ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിലും ശക്തികേന്ദ്രമായ പൂനയിലും ബിജെപിയെ കോണ്‍ഗ്രസ് അട്ടിമറിച്ചതാണ് ശ്രദ്ധേയമായ മാറ്റം. കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പിതാവ് ഗംഗാധര്‍ റാവു ഫഡ്നാവിസ് എന്നിവരുടെ ശക്തികേന്ദ്രമാണ് നാഗ്പുര്‍. 30 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്പൂരിലേത്.