ഹൈദരാബാദില്‍ ബാലറ്റ് എണ്ണി തുടങ്ങിയപ്പോള്‍ ടി ആര്‍ എസ് മുന്നേറ്റം; പോസ്റ്റല്‍ വോട്ടില്‍ ബി ജെ പി

ഹൈദരാബാദ്: ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തെലങ്കാന രാഷ്ട്രസമിതി (ടി ആര്‍ എസ്) മുന്നേറി തുടങ്ങി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയുളള ആദ്യഫലസൂചനകള്‍ വന്നപ്പോള്‍ ബി ജെ പി വന്‍മുന്നേറ്റം നേടിയെങ്കിലും, ബാലറ്റുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ടി ആര്‍ എസാണ് മുന്നേറുന്നത്. ആകെ ഈ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം 1900 ആണ്.

ഒടുവില്‍ വിവരം ലഭിച്ചപ്പോള്‍ ടി ആര്‍ എസ് 31 സീറ്റുകളിലും എ ഐ എം ഐ എം 20 സീറ്റുകളിലും ബി ജെ പി 15 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ബി ജെ പി 88 സീറ്റുകളില്‍ മുന്നിട്ടു നിന്നിരുന്നു. അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം 17 സീറ്റുകളിലും, കഴിഞ്ഞ തവണ ഭരണം പിടിച്ച ടി ആര്‍ എസ് 34 സീറ്റുകളിലും മുന്നിട്ടുനിന്നു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണ് മുന്നില്‍ നിന്നത്. കഴിഞ്ഞ തവണ വെറും നാല് സീറ്റില്‍ ജയിച്ച ബി ജെ പിയാണ് ഇത്തവണ പോസ്റ്റല്‍ വോട്ടില്‍ 88 സീറ്റുകളില്‍ മുന്നേറിയെന്നതാണ് ശ്രദ്ധേയം. കൊവിഡ് പശ്ചാത്തലത്തില്‍ വോട്ടിംഗ് മെഷീന് പകരം പേപ്പര്‍ ബാലറ്റുകളാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്.

വിജയിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ടി ആര്‍ എസ് മുന്നോട്ടുപോകുന്നത്. ഭരണം പിടിക്കാനുളള എണ്ണം കിട്ടുമെങ്കിലും, ആകെയുളള സീറ്റില്‍ ഇടിവ് വന്നാല്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകും. ഇത്തവണ 46.59 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2016ല്‍ 45.29 ആയിരുന്നു പോളിംഗ് ശതമാനം. പോളിംഗ് ശതമാനത്തില്‍ നേരിയ വര്‍ദ്ധന മാത്രമേയുളളൂ എങ്കിലും പോസ്റ്റല്‍ വോട്ട് ട്രെന്‍ഡില്‍ ബി ജെ പിക്ക് വന്‍മുന്നേറ്റം ലഭിച്ചത് എതിര്‍മുന്നണികള്‍ക്ക് സൃഷ്‌ടിക്കുന്നത് ചെറിയ ആശങ്കയല്ല.

Related posts

Leave a Comment