രവീന്ദ്രന്റെ ഭാര്യ മണ്ണുമാന്തിയന്ത്രം ഊരാളുങ്കലിന് വാടകയ്ക്ക് നൽകി കൈപറ്റിയത് ലക്ഷങ്ങൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ വടകരയിലെ ബിസിനസ് ബന്ധങ്ങള്‍ തേടുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ ഊരാളുങ്കല്‍ ബന്ധവും അന്വേഷിക്കുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയില്‍ നേരിട്ടു സിഎം രവീന്ദ്രന് ബന്ധമില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ മുഖേന ബന്ധമുണ്ടെന്ന കണ്ടെത്തലാണ് ഇഡിയുടേത്.

എണ്‍പത് ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തിയന്ത്രം 2018 ല്‍ സൊസൈറ്റിക്ക് നല്‍കിയ വാടകയിനത്തില്‍ ലക്ഷങ്ങളാണ് കൈപ്പറ്റിയതെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നതായി മനോരമ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞദിവസം സൊസൈറ്റിയില്‍ ഇഡി നടത്തിയ വിവരശേഖരണത്തിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ലഭിച്ചത്. നിക്ഷേപമുള്ളവരുടെ പട്ടിക പരിശോധിച്ചെങ്കിലും ഈ ഗണത്തില്‍ രവീന്ദ്രന്റെ പേരില്ല. ബന്ധുക്കളുടെ പേരില്‍ ഇടപാടുണ്ടോ എന്നതായിരുന്നു അടുത്ത അന്വേഷണം. 2018 ല്‍ സൊസൈറ്റിക്കായി രവീന്ദ്രന്റെ ഭാര്യയുടെ പേരില്‍ പ്രൊക്ലൈനര്‍ വാടകയ്ക്ക് കൈമാറിയതായി രേഖ ലഭിച്ചു.

എണ്‍പത് ലക്ഷത്തിലധികം രൂപയാണ് ഉപകരണത്തിന്റെ വില. പ്രവര്‍ത്തിക്കുന്ന ഓരോ മണിക്കൂറിലും രണ്ടായിരത്തി അഞ്ഞൂറെന്ന നിരക്കില്‍ വാടക കൈമാറണമെന്നാണ് കരാര്‍. രണ്ടര വര്‍ഷത്തിലധികമായി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയില്‍ യന്ത്രം പ്രവര്‍ത്തിക്കുന്നു. പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ വാടകയായി ലക്ഷങ്ങള്‍ എത്തിയിരുന്നതായും ബാങ്ക് രേഖകള്‍ തെളിയിക്കുന്നു. ഇതിന്റെ മുഴുവന്‍ തെളിവുകളും ഇഡി ശേഖരിച്ചു.

സിഎം.രവീന്ദ്രന് സൊസൈറ്റിയുമായുള്ള പണമിടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഇഡി കൊച്ചി യൂണിറ്റ് കോഴിക്കോട് സബ് സോണല്‍ അധികൃതരെ ചുമതലപ്പെടുത്തിയത്. നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു.

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളില്‍ ബംഗളൂരു ഇഡി ചോദ്യം ചെയ്ത ബിനീഷ് കോടിയേരിയുടെ മൊഴികളിലും മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ പേര് പുറത്തുവന്നിരുന്നു. ഡിസംബര്‍ നാലിന് രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെടുമെന്നാണ് സൂചനയുണ്ട്.

രവീന്ദ്രനെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന് ശിവശങ്കര്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ തുടരുകയോ എന്‍ഐഎ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങുകയോ ആണ് വഴികള്‍. സ്വര്‍ണ്ണ കടത്ത് കേസില്‍ ശിവശങ്കറിനെ എന്‍ഐഎ പ്രതിയാക്കും. ഇതിനൊപ്പം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ വൈകാനാകില്ലെന്ന നിലപാടും കേന്ദ്ര ഏജന്‍സികള്‍ എടുത്തു കഴിഞ്ഞു.

രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം ഉണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ജില്ലകളിലെ 12 സ്ഥാപനങ്ങളില്‍ രവീന്ദ്രന്‍ ഓഹരി നിക്ഷേപം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വസ്ത്രവ്യാപാരശാലകള്‍, മൊബൈല്‍ ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. 24 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങളിലെ ഓഹരി നിക്ഷേപം സംബന്ധിച്ച രേഖകള്‍ ലഭിച്ചത്.

സര്‍ക്കാരിന്റെ ഐ.ടി. പദ്ധതി കരാറുകളില്‍ ശിവശങ്കറിനു പുറമേ രവീന്ദ്രനും പങ്കുണ്ടായിരുന്നെന്ന് അന്വേഷണ ഏജന്‍സിക്കു വിവരം ലഭിച്ചു. തിരുവനന്തപുരത്ത് ഫ്ളാറ്റ് സമുച്ചയം, കോഴിക്കോട്ടെ ഫ്ളാറ്റ്, വടകരയിലെ ബിനാമി സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം രവീന്ദ്രനും ബന്ധുവായ കസ്റ്റംസ് ഉദ്യോഗസ്ഥനും പങ്കുണ്ടെന്നാണു കണ്ടെത്തല്‍. വടകരയില്‍ രവീന്ദ്രന്റെ മറ്റൊരു ബന്ധുവിന്റെ പേരിലാണു തുണിക്കട, മൊബൈല്‍ ഷോറൂം, ഹാര്‍ഡ്വേര്‍ സ്ഥാപനം എന്നിവയുള്ളത്. ഓര്‍ക്കാട്ടുശേരി, ഒഞ്ചിയം, ഇടയ്ക്കാട്, നിരവില്‍പുഴ എന്നിവിടങ്ങളിലും ഇവര്‍ക്കു സ്ഥാപനങ്ങളുണ്ട്.

വടകരയില്‍നിന്നു രവീന്ദ്രന്റെ കുടുംബം അടുത്തിടെ കോഴിക്കോട്ടെ പുതിയ ഫ്ളാറ്റിലേക്കു മാറിയിരുന്നു. ഈ ഫ്ളാറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കു മാത്രം ഒന്നരക്കോടി രൂപ ചെലവഴിച്ചെന്നാണു സൂചന. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഇ.ഡി വിളിപ്പിച്ചതിനു പിന്നാലെ രവീന്ദ്രന്‍ കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. രോഗമുക്തനായ രവീന്ദ്രന് ഇ.ഡി വീണ്ടും നോട്ടീസ് നല്‍കിയതോടെ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ വീണ്ടും ചികിത്സ തേടി. ഇതിനു പിന്നാലെയാണ് ഇഡി ചില റെയ്ഡുകള്‍ നടത്തിയത്.

Related posts

Leave a Comment