ഹൈദരാബാദ്: മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്നു ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരേ വിമര്‍ശനവുമായി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി.
ബിജെപി നേതാവിന്റെ പരാമര്‍ശം വെറുപ്പുളവാക്കുന്നതാണ്, നാണംകെട്ടതാണ്. എന്നാല്‍ ഈ പരാമര്‍ശത്തില്‍ അദ്ഭുതമില്ല. ഒരു വിഭാഗത്തിനു മാത്രമേ രാഷ്ട്രീയാധികാരം നേടാനുള്ള അവകാശമുള്ളെന്നും മറ്റുള്ളവര്‍ പാദസേവ ചെയ്യുന്നവരാണെന്നുമാണ് അവര്‍ വിശ്വസിക്കുന്നത്. ഇത്തരം ഒരു ചിന്താഗതി ഭരണഘടനയുമായി ചേര്‍ന്നുപോകുന്നതല്ലെന്നും ഒവൈസി പറഞ്ഞു. കര്‍ണാടകയുടെ മന്ത്രിയായ കെ.എസ്. ഈശ്വരപ്പയാണ് മുസ്ലിംകള്ക്ക് ബിജെപി മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്ന വിവാദ പ്രസ്താവന നടത്തിയത്.
ഹൈന്ദവ സമുദായത്തില്‍പ്പെട്ട ഏതൊരു വ്യക്തിക്കും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കും. ലിംഗായത്തുകാര്, കുറുബകള്‍, വൊക്കലിഗക്കാര്‍, ബ്രാഹ്മണര്‍ തുടങ്ങി ആര്‍ക്കുവേണമെങ്കിലും നല്‍കും. പക്ഷേ മുസ്ലിംകള്‍ക്കു നല്‍കില്ലെന്ന് ഉറപ്പാണ്- ഈശ്വരപ്പ പറഞ്ഞു. ബെലഗാവി ഹിന്ദുത്വത്തിന്റെ കേന്ദ്രമാണെന്നും ഇവിടെ മുസ്ലിംകള്‍ക്കു സീറ്റ് നല്‍കുന്നതിനെ കുറിച്ച് ആലോചന പോലുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബെലഗാവി മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം. കര്‍ണാടകയില്‍ ഗ്രാമവികസന മന്ത്രിയാണ് ഈശ്വരപ്പ. കേന്ദ്രമന്ത്രിയായിരുന്ന സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണു ബെലഗാവിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.