രവീന്ദ്രനെ കൈവിട്ട് സി.പി.എം; ചോദ്യം ചെയ്യാന്‍ ‘അനുമതി’, അവധി നല്‍കി ഒഴിവാക്കാന്‍ തീരുമാനം?

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച്‌ സി പി എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു അതൃപ്തി. ചോദ്യം ചെയ്യലിനു വൈകുന്നത് തെറ്റായ വ്യാഖ്യാനത്തിനു കാരണമാകുമെന്നാണ് വിലയിരുത്തല്‍.

രവീന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ യോഗത്തില്‍ വ്യക്തമാക്കി. തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ടന്ന മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് വിഷയത്തില്‍ സി പി എമ്മും സ്വീകരിച്ചിരിക്കുന്നത്. രവീന്ദ്രനെ ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒഴിവാക്കുമെന്നാണ് സൂചന. അവധി നല്‍കി ഒഴിവാക്കാനാണ് ചരടുവലി നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന രണ്ടാം വട്ട നോട്ടീസും ലഭിച്ചതിനു ശേഷം കോവിഡാനന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഇന്നലെയാണ് ഡിസ്ചാര്‍ജ് ആയത്. സി പി എം സെക്രട്ടറിയേറ്റ് യോഗത്തിനു പിന്നാലെയാണ് രവീന്ദ്രന്റെ ഡിസ്ചാര്‍ജ് എന്നതും ശ്രദ്ധേയം.

നവംബര്‍ ആറിനായിരുന്നു ചോദ്യം ചെയ്യലിനായി രവീന്ദ്രനെ ആദ്യം ഇ ഡി വിളിച്ചത്. എന്നാല്‍, 5നു കോവിഡ് ബാധിതനായി അദ്ദേഹം ചികിത്സ നേടി. കകൊവിഡ് മുക്തനായ ശേഷം ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം വീണ്ടും ആശുപത്രിയില്‍ ഇടം നേടി. വെള്ളിയാഴ്ചയായിരുന്നു രണ്ടാമത് ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍, വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്നും ചോദ്യം ചെയ്യലിനു രവീന്ദ്രന്‍ ഹാജരാകാതിരുന്നത്. എന്നാല്‍, പെട്ടന്നായിരുന്നു അദ്ദേഹത്തെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തത്.

രവീന്ദ്രന്റെ ആരോഗ്യനിലയെ കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് കിട്ടുന്നതിനായുള്ള നീക്കുപോക്ക് ഇ ഡി നടത്തി തുടങ്ങി. ഗുരുതരരോഗമില്ലാതെ രോഗിയെ ഐ സി യുവിലാക്കി അന്വേഷണം തടഞ്ഞാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ട്. സിവില്‍ കോടതിയുടെ അധികാരമുള്ള ഇ.ഡിയുടെ നോട്ടീസ് സമന്‍സാണ്. തടയാന്‍ നിന്നാല്‍ ഗുരുതര പ്രശ്നമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പെട്ടന്നുള്ള ഡിസ്ചാര്‍ജെന്നാണ് സൂചന

Related posts

Leave a Comment