ചെന്നൈ: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ (72) അന്തരിച്ചു. സിനിമ, ഹ്രസ്വ ചിത്രം, ഡോക്യുമെന്‍ഡറി മേഖലയില്‍ നാന്നൂറിലേറെ പ്രൊജക്ടുകളുടെ ഭാഗമായിട്ടുള്ളയാളാണ് ജയകുമാര്‍. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ നടക്കും.
അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ.കെ വേലന്‍റെ മകള്‍ ചെന്താമരയാണ് ഭാര്യ. നടന്‍ ബാലയും തമിഴിലെ പ്രശസ്ത സംവിധായകന്‍ ശിവയും മക്കളാണ്. മകള്‍ വിദേശത്ത് ശാസ്ത്രജ്ഞയാണ്. പിതാവിന്‍റെ മരണവാര്‍ത്ത ബാലയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചെന്നൈ വിരുഗമ്ബാക്കത്താണ് ജയകുമാര്‍ താമസിച്ചിരുന്നത്. സിനിമാമേഖലയിലുള്ളവര്‍ സാമൂഹിക മാധ്യമങ്ങളിലൂെട ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
‘ഞാന്‍ നടനാവാനുള്ള ഒരു കാരണം അച്ഛനാണ്. കാരണം എന്നിലെ കല തിരിച്ചറിഞ്ഞത് അച്ഛനാണ്. കുറച്ച് മിനിറ്റുകള്‍ക്ക് മുന്‍പ് അദ്ദേഹം വിട പറഞ്ഞു. അച്ഛന്‍റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു’, അച്ഛന്‍റെ ചിത്രത്തിനൊപ്പം ബാല ഫേസ്ബുക്കില്‍ കുറിച്ചു.