നെയ്യാര്‍ഡാം സംഭവം സേനയ്ക്ക് നാണക്കേട് എന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ ഗൃഹനാഥനെയും മകളെയും പൊലീസുദ്യോഗസ്ഥന്‍ അധിക്ഷേപിച്ച സംഭവത്തില്‍ സേനയ്ക്ക് നാണക്കേടുണ്ടായെന്ന് ഡിഐജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പരാതിക്കാരന്‍ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. എഎസ്‌ഐയ്ക്ക് സംഭവത്തില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എഎസ്‌ഐ യൂണിഫോമില്‍ ഇല്ലാതിരുന്നതും വീഴ്ചയെന്നും ഡി ഐ ജി കണ്ടെത്തി. സംഭവത്തില്‍ ഗോപകുമാറിനെതിരെ വകുപ്പുതല നടപടി തുടരുമെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ അറിയിച്ചു.

നെടുമങ്ങാട് ഡിവൈ.എസ്‌പി. ഉമേഷ് കുമാര്‍ വെള്ളിയാഴ്ച സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവത്തില്‍ സ്റ്റേഷനിലെ എസ്‌ഐ.ക്കെതിരേയും പരാതിയുയര്‍ന്നിട്ടുണ്ട്. ഇതും പരിശോധിക്കും. നെയ്യാര്‍ഡാം പള്ളിവേട്ട സിന്ധു ഭവനില്‍ സി.സുദേവനെയാണ് മകളുടെ മുന്നില്‍ വച്ച്‌ പൊലീസ് സ്റ്റേഷനില്‍ അപമാനിക്കപ്പെട്ടത്. മൂത്ത മകളെ കാണാനില്ലെന്ന പരാതിയുമായാണ് സുദേവന്‍ ആദ്യം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് ഈ മകളെ ഒരു യുവാവിനൊപ്പം പൊലീസ് കണ്ടെത്തുകയും, ഒപ്പമുണ്ടായിരുന്ന യുവാവിനൊപ്പം പോകണമെന്ന യുവതിയുടെ ആവശ്യപ്രകാരം വിട്ടയയ്ക്കുകയും ചെയ്തു.

ഈ യുവാവ് തന്നെയും ഇളയമകളെയും ഭീഷണിപ്പെടുത്തുന്നു എന്നും അത് വിലക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആദ്യം എസ്‌ഐ.യാണ് മോശമായി പെരുമാറിയതെന്ന് സുദേവന്‍ പറഞ്ഞു. എസ്‌ഐ. അപമാനിച്ചശേഷമാണ് എഎസ്‌ഐ. വിഷയം ഏറ്റെടുക്കുകയും മകളുടെ മുന്നില്‍ വച്ച്‌ അധിക്ഷേപിക്കുകയും ചെയ്തത്. മദ്യപിക്കാത്ത തന്നെ മദ്യപാനിയായി ചിത്രീകരിച്ചു. മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍ എന്നിവയില്‍ സുദേവന്‍ പരാതി നല്‍കി.

എന്നാല്‍, ഇയാളുടെ വീട്ടിലെത്തി പരാതി സ്വീകരിക്കാത്തതെന്തെന്ന ചോദ്യവുമായാണ് സുദേവന്‍ സ്റ്റേഷനില്‍ എത്തിയതെന്ന് നെയ്യാര്‍ഡാം പൊലീസ് പറയുന്നു. പൊലീസുകാരോട് തട്ടിക്കയറിയപ്പോള്‍ ഉണ്ടായ പ്രകോപനമാണ് നടന്നതെന്നും പൊലീസ് പറയുന്നു. ഇതാണ് ഡിഐജി തള്ളിക്കളയുന്നത്. ഇതോടെ ഗോപാകുമാറിനെതിരെ കൂടുതല്‍ നടപടി വരാനുള്ള സാധ്യതയും കൂടി. ഇതിനിടെ നെയ്യാര്‍ഡാം പൊലീസിനെതിരേ കൂടുതല്‍ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇതും ചര്‍ച്ചയാവുകയാണ്.

നെയ്യാര്‍ഡാം പോസ്റ്റ് ഓഫീസില്‍ ഉണ്ടായ ഒരു തര്‍ക്കത്തില്‍ ഉള്‍പ്പെട്ടയാളെ നെയ്യാര്‍ഡാം എസ്‌ഐ. കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി ഉയര്‍ന്നിരുന്നു. മനുഷ്യാവകാശ കമ്മിഷന് ലഭിച്ച ഈ പരാതി അന്വേഷിക്കാന്‍ നെടുമങ്ങാട് ഡിവൈ.എസ്‌പി.യെ ചുമതലപ്പെടുത്തി. ആരോപണവിധേയനായ എസ്‌ഐ.യെതന്നെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയ ഡിവൈ.എസ്‌പി.യുടെ നടപടിയെ മനുഷ്യാവകാശ കമ്മിഷന്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഡിവിഷന്റെ പരിധിയില്‍ വരാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു. എസ്‌ഐ.യ്‌ക്കെതിരേയുള്ള ഈ അന്വേഷണവും പൂര്‍ത്തിയായിട്ടില്ല.

എല്ലാ ദിവസവും പുലര്‍ച്ചെയുള്ള നെയ്യാര്‍ഡാം പൊലീസിന്റെ വാഹനപരിശോധനയും വിവാദമാണ്. പത്ര, പാല്‍ വിതരണക്കാര്‍, ടാപ്പിങ് തൊഴിലാളികള്‍ തുടങ്ങിയവരെ അനാവശ്യമായി പുലര്‍ച്ചെ തടഞ്ഞുനിര്‍ത്തിയാണ് എസ്‌ഐ.യുടെ നേതൃത്വത്തില്‍ പരിശോധനയെന്നാണ് പരാതി. ഇരുചക്രവാഹനങ്ങളില്‍ പോകുന്ന ഇവരെ ഭീഷണിപ്പെടുത്തുകയും വന്‍ തുക പിഴ ഈടാക്കുന്നതായും പരാതിയുണ്ട്. കൂടാതെ ഓണ്‍ലൈനില്‍ നല്‍കുന്ന പരാതിക്ക് സ്റ്റേഷനില്‍നിന്നും രസീത് നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഡിവൈ.എസ്‌പി. ഉമേഷ് കുമാര്‍ വെള്ളിയാഴ്ച സ്റ്റേഷനിലെത്തി പൊലീസുദ്യോഗസ്ഥരോടും, പരാതിക്കാരോടും വിവരങ്ങള്‍ അന്വേഷിച്ച്‌ മനസ്സിലാക്കിയിരുന്നു. സുദേവനെയും മകളെയും അധിക്ഷേപിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് മേധാവി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് എഎസ്‌ഐ ഗോപകുമാര്‍ ആക്രോശിച്ചത്. നീ മദ്യപിച്ചിട്ടാണ് ഇവിടെ എത്തിയതെന്ന് ആരോപിച്ചാണ് അതിക്രമം അരങ്ങേറിയത്. പിതാവ് മദ്യപിക്കില്ലെന്ന് ഒപ്പമുണ്ടായിരുന്ന മകള്‍ പറഞ്ഞെങ്കിലും ഈ വാദം കേള്‍ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ജീവിതത്തില്‍ താന്‍ മദ്യപിച്ചിട്ടില്ല. സാറിന് വേണമെങ്കില്‍ ഊതിപ്പിക്കാം എന്ന് പെണ്‍കുട്ടി പറഞ്ഞതോടെ നിന്റെ തന്തയെ ഓതിപ്പിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നതെന്ന് പൊലീസുകാരന്റെ മറുപടി. പരാതി പറയാന്‍ എത്തുന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത് സാറെ എന്ന ചോദിക്കുമ്ബോള്‍ ഇവിടുത്തെ രീതി ഇങ്ങനെയാണ് എന്ന് എഎസ്‌ഐ ഗോപകുമാര്‍ പറയുന്നുണ്ട്.

ഗോപകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ എപി അനില്‍കുമാറിന്റെ ഗണ്‍മാനായിരുന്നു’. 24 നാണ് സംഭവം നടക്കുന്നത്. എന്‍.എസ് ജി പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഗോപകുമാര്‍.

Related posts

Leave a Comment