കെ.എസ്.എഫ്.ഇ ശാഖകളില്‍ വ്യാപക ക്രമക്കേട്; വിജിലന്‍സ് പരിശോധന ഇന്നും തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളില്‍ വിജിലന്‍സ് നടത്തുന്ന മിന്നല്‍ പരിശോധന ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 40 കെ എസ് എഫ് ഇ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തി.

പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ചിട്ടികളില്‍ ആളെണ്ണം പെരുപ്പിച്ച്‌ കാട്ടി ചില മാനേജര്‍മാര്‍ തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നു.

വന്‍തുക മാസ അടവുള്ള ചിട്ടികള്‍ക്ക് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലെന്നാണ് സംശയം. മാസം രണ്ട് ലക്ഷം രൂപ മുതല്‍ പത്തുലക്ഷം വരെ ചിട്ടിയില്‍ അടക്കുന്നവരുടെ സാമ്ബത്തിക സ്രോതസ്സില്‍ വിജിലന്‍സ് സംശയം ഉയര്‍ത്തുന്നുണ്ട്.
വിജിലന്‍സ് ഡയറക്ടര്‍ക്ക് പല കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. ഓപറേഷന്‍ ബചത് എന്ന പേരിലാണ് ഇന്നലെ പരിശോധന നടത്തിയത്. ശാഖകളിലെ ക്രമക്കേടുകള്‍ നടപടി ശുപാര്‍ശയോടെ സര്‍ക്കാരിനു കൈമാറുമെന്നും വിജിലന്‍സ് അറിയിച്ചു.

Related posts

Leave a Comment