‘ദൈവമാണ് ഈ മക്കളെ പുഴയില്‍ എത്തിച്ചത്, അല്ലെങ്കില്‍ ഞങ്ങള്‍ 5 പേരും മുങ്ങി മരിക്കുമായിരുന്നു’; പുഴയില്‍ മുങ്ങിത്താഴ്ന്ന അഞ്ചംഗ കുടുംബത്തെ സാഹസികമായി രക്ഷിച്ചത് രണ്ട് വിദ്യാര്‍ത്ഥികള്‍

നാദാപുരം: പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ 5 പേര്‍ മുങ്ങിത്താഴുന്നതിനിടയില്‍ 2 വിദ്യാര്‍ഥികള്‍ സാഹസികമായി രക്ഷിച്ചു. വാണിമേല്‍ സിസി മുക്കിലെ പടിക്കലകണ്ടി അമ്മതിന്റെയും സുബൈദയുടെയും മകന്‍ കല്ലാച്ചി ഹൈടെക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി മുഹൈമിന്‍ (15), വയലില്‍ മൊയ്തുവിന്റെയും അസ്മയുടെയും മകന്‍ വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ഷാമില്‍ (14) എന്നിവരാണ് അമ്മയും മകനും അടക്കമുള്ള 5 പേര്‍ക്ക് രക്ഷകരായത്.

പരപ്പുപാറയിലെ വ്യാപാരി കൂട്ടായിച്ചാലില്‍ സുരേന്ദ്രന്റെ മകള്‍ ബിന്‍ഷി (22), സുരേന്ദ്രന്റെ സഹോദരി സൗമിനിയുടെ മകള്‍ ബെംഗളൂരുവില്‍ നിന്നെത്തിയ സജിത (36), ഇവരുടെ മകന്‍ സിഥുന്‍ (13), മറ്റൊരു സഹോദരി കല്ലുനിര സ്വദേശി ഷീജയുടെ മക്കളായ ആശിലി (23), അഥുന്‍ (15) എന്നിവരെയാണ് മുഹൈമിനും ഷാമിലും രക്ഷിച്ചത്.
സ്കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ പരിശീലനം കഴിഞ്ഞു പുഴയില്‍ കൈകാലുകള്‍ കഴുകാന്‍ പോയ മുഹൈമിനും ഷാമിലും ബഹളം കേട്ടാണ് മുങ്ങിത്താഴുകയായിരുന്നവരുടെ അടുത്തേക്കു ചെന്നത്.

അവര്‍ വെള്ളത്തില്‍ നീന്തിക്കളിക്കുകയാണെന്നാണ് ആദ്യം കരുതിയത്. രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള മുറവിളി കേട്ടതും ഇരുവരും പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു.

‘ദൈവമാണ് ഈ മക്കളെ പുഴയില്‍ എത്തിച്ചത്. അല്ലെങ്കില്‍ ഞങ്ങള്‍ 5 പേരും മുങ്ങി മരിക്കുമായിരുന്നു’- രക്ഷപ്പെട്ടവരുടെ കൂട്ടത്തിലെ മുതിര്‍ന്ന അംഗമായ സജിത പറഞ്ഞു.

Related posts

Leave a Comment