മാണി വീട്ടിലെത്തി കണ്ടതോടെ ബാര്‍ കോഴ കേസ് പിണറായി ഒതുക്കി; ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയും ഭാര്യയും വിളിച്ചെന്നും ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് പിണറായി വിജയന്‍ ഒതുക്കി തീര്‍ത്തതെന്ന ആരോപണവുമായി ബാറുടമ ബിജു രമേശ്. സിപിഎം പ്രതിപക്ഷത്തായിരുന്നപ്പോള്‍ കെ.എം.മാണിക്കെതിരായ കേസില്‍നിന്ന് പിന്മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെ.എം.മാണി പിണറായിയുടെ വീട്ടിലെത്തി പ്രഭാത ഭക്ഷണം കഴിച്ച്‌ കൂടിക്കാഴ്ച നടത്തിയതോടെ ഇവര്‍ നിലപാടില്‍നിന്ന് പിന്മാറി. കേസ് പിണറായി പിന്നീട് ഒത്തുതീര്‍പ്പാക്കിയെന്നും ബിജു രമേശ് പറഞ്ഞു.

കള്ളക്കേസ് എടുക്കുമെന്ന ഭീഷണി വന്നപ്പോഴാണ് കോടിയേരിയെ കണ്ടത്. പിന്നാലെയാണ് പിന്മാറരുതെന്ന് പിണറായി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ 36 പേരുടെ സ്വത്തുക്കളുടെ രേഖകള്‍ കൈവശമുണ്ട്. ഇക്കാര്യം കൈയിലിരിക്കട്ടെ എന്ന് കോടിയേരി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണം എവിടേയും എത്തില്ല. ഈ സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. ജോസ് കെ. മാണി സ്വാധീനിക്കാന്‍ ശ്രമിച്ചതും താന്‍ ഉന്നിയിച്ചതാണ്. ചെന്നിത്തലയെ ഉപദ്രവിക്കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് 164 മൊഴിയില്‍ അദ്ദേഹത്തിന്റെ പേരു പറയാതിരുന്നത്. ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ചെന്നിത്തല വിളിച്ചു. ഉപദ്രവിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കോടി രൂപ കെപിസിസി ഓഫിസില്‍ എത്തിച്ചിരുന്നു. ബാര്‍ കോഴക്കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തിയാല്‍ എല്ലാം പുറത്തുവരുമെന്നും ബിജു രമേശ് പറഞ്ഞു

Related posts

Leave a Comment