ചിരാഗിനെ വെറുപ്പിക്കാതെ നടപ്പാക്കിയത് പ്ലാന്‍ ബി;വല്യേട്ടനെ വിഴുങ്ങി ബിജെപി

പട്‌ന : ( 10.11.2020) അഞ്ചു വര്‍ഷത്തിന് ശേഷം ബിഹാറില്‍ ബി ജെ പിക്ക് അതിമധുരം. പ്ലാന്‍ ബി പുറത്തെടുക്കാനായാല്‍ നിതീഷിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ അഞ്ച് വര്‍ഷം മുന്‍പുള്ള ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലമാണ് ഓര്‍മവരുന്നത്. അന്ന് നിതീഷ്‌കുമാര്‍ എതിര്‍ ചേരിയില്‍ നിന്നപ്പോഴും ഫലസൂചനയില്‍ ആദ്യം മുന്നിട്ട് നിന്ന ബി ജെ പി മധുരം നല്‍കിയും പടക്കം പൊട്ടിച്ചും ആഹ്ലാദ പ്രകടനം നടത്തി.

എന്നാല്‍ മാറി മറിഞ്ഞ ഫലങ്ങളില്‍ ബി ജെ പി പിന്നിലാവുകയും ചെയ്തു. ഇതോടെ ആഹ്ലാദ പ്രകടനം നടത്തിയതിന് അദ്വാനിയുടെ പിറന്നാള്‍ ദിനം ആഘോഷിച്ചതാണെന്ന ന്യായീകരണം നല്‍കേണ്ടിയും വന്നു പാര്‍ട്ടി നേതാക്കള്‍ക്ക്. ഇതിന് മധുര പ്രതികാരമെന്നവണ്ണം അഞ്ച് വര്‍ഷത്തിന് ശേഷം ബി ജെ പി സംസ്ഥാനത്ത് കരുത്ത് കാട്ടിയിരിക്കുകയാണ്.
അതുകൊണ്ടുതന്നെ അതിമധുരം കഴിച്ച പ്രതീതിയിലാണ് ബി ജെ പി ഇപ്പോള്‍. സംസ്ഥാനത്തെ ഒന്നാമത്തെ കക്ഷിയായി ആര്‍ ജെ ഡിയെ പിന്നിലാക്കി ബി ജെ പി കുതിക്കുമ്ബോള്‍, എന്‍ ഡി എ സഖ്യം കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകള്‍ സ്വന്തമാക്കി സംസ്ഥാനത്തിന്റെ തുടര്‍ഭരണം ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം ആര്‍ ജെ ഡി നയിക്കുന്ന മഹാസഖ്യത്തിന് അനുകൂലമായപ്പോഴും ജനങ്ങളുടെ മനസ് ബി ജെ പിക്കൊപ്പമായിരുന്നു എന്ന് തെളിയിക്കുന്ന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് നല്‍കുന്ന ആശ്വാസവും പ്രതീക്ഷയും നിരവധി കാര്യങ്ങളിലാണ്.

ബിഹാറില്‍ ഇതുവരെ മുഖ്യമന്ത്രി കസേരയില്‍ ഉറച്ചിരിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായിരുന്നു ബി ജെ പി. ബിഹാറില്‍ മുന്നണി അധികാരത്തില്‍ വന്നിരുന്നുവെങ്കിലും നിതീഷിന്റെ നിഴലില്‍ തുടരുവാനേ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിരുന്നുള്ളു. കേന്ദ്രത്തിന് നിതീഷിനോടുള്ള വിധേയത്വമായിരുന്നു അദ്യഘട്ടത്തിലുണ്ടായിരുന്നത്. എന്നാല്‍ മോദിയുഗത്തിന് ശേഷം നിതീഷിനെ നിലയ്ക്ക് നിര്‍ത്തണമെന്ന വികാരം ബി ജെ പിയില്‍ ശക്തമായി. രണ്ടാം മോദി സര്‍ക്കാരില്‍ നിന്നും മന്ത്രി സ്ഥാനം ഏറ്റെടുക്കാതെ മസിലു പിടിച്ച നിതീഷിനെ കാര്യമായി എടുക്കാതെ ബി ജെ പി മുന്നോട്ടു പോവുകയും ചെയ്തിരുന്നു.

ബിഹാര്‍ തെരഞ്ഞെടുപ്പിലും ഫലം അനുകൂലമായാല്‍ നിതീഷ് കുമാര്‍ കൂടുതല്‍ വിലപേശും എന്ന് ബി ജെ പി കണക്ക് കൂട്ടിയിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടി വന്നാല്‍ നിതീഷിനെ വെട്ടി രാംവിലാസ് പാസ്വാന്റെ മകന്‍ നേതൃത്വം നല്‍കുന്ന എല്‍ ജെ പിയുമായി കൂട്ടുകൂടാനുള്ള പ്ലാന്‍ ബിയും ബി ജെ പി ഒരുക്കിയിരുന്നു. പ്രചാരണ വേളയില്‍ എല്‍ ജെ പിയെ കടന്നാക്രമിക്കാതെ ബി ജെ പി കേന്ദ്ര നേതാക്കള്‍ മിതത്വം പാലിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴത്തെ ഫല സൂചന പ്രകാരം നിതീഷ് കൂടുതല്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കുറവാണെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ദ്ധരുടെ പക്ഷം.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ബി ജെ പിയുടെ ചാണക്യനെന്ന വിശേഷണമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടിറങ്ങാത്ത തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ബിജെപിക്കുണ്ട്. തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ നിതീഷിന്റെ പ്രഭാവത്തിന് മങ്ങലേല്‍ക്കുന്നു എന്ന തിരിച്ചറിവില്‍ പ്രധാനമന്ത്രി കൂടുതല്‍ ഇടങ്ങളില്‍ പ്രചാരണത്തിനെത്തിയപ്പോഴും അമിത് ഷാ ഗോദയില്‍ ഇറങ്ങിയിരുന്നില്ല. എന്നാല്‍ വരുന്ന ബംഗാള്‍ തെരഞ്ഞെടുപ്പിടക്കം നേരിട്ട് പടനയിക്കാനൊരുങ്ങുകയാണ് അമിത് ഷാ.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് സംസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തിയ യുവാക്കളുടെ നിരാശയും ദേഷ്യവുമെല്ലാം നിതീഷ് കുമാറിനോട് തീര്‍ക്കുന്നതാണ് പ്രചരണത്തില്‍ കാണാനായത്. തൊഴിലില്ലായ്മ നിരക്ക് 2020 ഏപ്രിലില്‍ 46.6 ശതമാനമായിരുന്നു, കഴിഞ്ഞ വര്‍ഷം ഇത് 10.3 ശതമാനമാനമായിരുന്നു എന്നത് തൊഴിലില്ലായ്മയുടെ രൂക്ഷത വെളിച്ചത്ത് കൊണ്ടുവരുന്നു.

മോദിയെ അനുകൂലിച്ചും നിതീഷിനെ എതിര്‍ത്തും പരസ്യമായി പ്രതികരിക്കുന്നവരെയും കാണാമായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വന്ന യുവാക്കളാണ് തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്നതെന്ന പ്രവചനങ്ങള്‍ ഫല പ്രഖ്യാപനത്തോടെ സത്യമായി തീര്‍ന്നിരിക്കുകയാണ്.

Related posts

Leave a Comment