സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ഇ.ഡി ജയിലിലെത്തി ചോദ്യം ചെയ്യുന്നു; നയതന്ത്ര ബാഗേജിനായി ശിവശങ്കറിന്റെ ഇടപെടല്‍ പരിശോധിക്കുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിലും സന്ദീപിനെ പൂജപ്പുര ജയിലിലും എത്തിയാണ് ചോദ്യം ചെയ്യുന്നത്. എം. ശിവശങ്കറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

നയതന്ത്ര ബാഗേജ് വഴിയുള്ള ഇറക്കുമതിയില്‍ ശിവശങ്കറിന്റെ പങ്കില്‍ കൃത്യത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍. 2019 ഏപ്രിലില്‍ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിച്ചുവെന്ന് ശിവശങ്കര്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ ബാഗില്‍ എന്തായിരുന്നുവെന്നോ എന്താവശ്യത്തിനായി ഇറക്കുമതി ചെയ്തതാണെന്നോ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
2019 ഏപ്രിലില്‍ സംഘം സ്വര്‍ണക്കടത്ത് ആരംഭിച്ചിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിന് മുന്നോടിയായി ഡമ്മി പരീക്ഷണം ആയിരുന്നോ അതെന്ന് സംശയമാണ് ഇ.ഡിക്ക്

ലൈഫ് മിഷന്‍ പദ്ധതിയിലെ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്‌നയേയും സന്ദീപിനെയും ഇന്നലെ വിജിലന്‍സ് സംഘം ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. കേസില്‍ ഇരുവരും പ്രതികളാണ്. ശിവശങ്കര്‍ കേസില്‍ അഞ്ചാം പ്രതിയാണ്.

Related posts

Leave a Comment