Life mission | ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ്; സ്വപ്നയും പ്രതിപട്ടികയില്‍

കൊച്ചി: ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഭവനനിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലുല്ള സ്വപ്ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായര്‍ എന്നിവരും ലൈഫ് മിഷന്‍ കേസിന്‍റെ പ്രതിപട്ടികയിലുണ്ട്.

ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് സ്വപ്നയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷനെക്കുറിച്ചും എം. ശിവശങ്കറിന്‍റെ പങ്കിനെക്കുറിച്ചും വിജിലന്‍സ് ചോദിച്ചറിയും. കേസില്‍ ആറാം പ്രതിയാണ് സ്വപ്‌നാ സുരേഷ്. സരിത്ത് സന്ദീപ് എന്നിവര്‍ യഥാക്രമം ഏഴ്, എട്ട് പ്രതികളാണ്. പ്രതികളുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കമ്മീഷനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഇതനുസരിച്ചാണ് ശിവശങ്കറിനെ വിജിലന്‍സ് പ്രതിചേര്‍ത്തത്. കമ്മീഷനായി നല്‍കിയ ഫോണുകളുടെ വിവരവും വിജിലന്‍സ് സ്വപ്നയോട് ചോദിച്ച്‌ അറിയുന്നുണ്ട്.

ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ തിരുമാനിച്ചിട്ടുണ്ട്. ഇതു രണ്ടാംതവണയാണ് യു വി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തില്‍ യൂണിടാക്കിന് കരാര്‍ നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയത് ശിവശങ്കറെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. യു വി ജോസിന്റെ സാന്നിധ്യത്തില്‍ ശിവശങ്കറിനെയും ചോദ്യം ചെയ്യും. നേരത്തെ വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐയും യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു

Related posts

Leave a Comment