കൊച്ചി | റെഡ്ക്രസന്റില്‍ നിന്നും വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണ കരാര്‍ നേടിയെടുക്കുന്നതിനായി യുണിടാക് സ്വപ്‌ന സുരേഷിന് നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിക്കുന്നത് എം ശിവശങ്കര്‍. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരമാണ് യുണിടാക് കമ്ബനിയുടമ സന്തോഷ് ഈപ്പന്‍ അഞ്ച് ഐഫോണുകള്‍ വാങ്ങി നല്‍കിയത്. ഇതില്‍ 99,900 രൂപ വില വരുന്നതാണ് ഐഫോണാണ് ശിവശങ്കര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
തന്റെ പക്കലുണ്ടായിരുന്ന ഫോണുകളുടെ ഐ എം ഐ ഇ നമ്ബര്‍ ശിവശങ്കര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. താന്‍ വാങ്ങിയ ഐഫോണുകളുടെ ഐ എം ഐ ഇ നമ്ബര്‍ സന്തോഷ് ഈപ്പനും നല്‍കിയിരുന്നു. ഇതില്‍ നടത്തിയ പരിശോധനയിലാണ് ഒന്ന് ശിവശങ്കറിന് ലഭിച്ചതായി വ്യക്തമായത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലൈഫ് മിഷന്‍ പദ്ധതികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കര്‍. ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളുടെ ഐ എം ഐ ഇ നമ്ബറുകള്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ചപ്പോഴാണ് അതിലൊന്ന് യുണിടാക് നല്‍കിയതാണെന്ന് വ്യക്തമായത്.
ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിക്കാന്‍ 4.48 കോടി കമ്മീഷന് പുറമേ അഞ്ച് ഐഫോണുകള്‍ വാങ്ങി നല്‍കാനും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. എന്നാല്‍ യുണിടാക് കമ്ബനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇന്‍വോയിസില്‍ അഞ്ച് ഫോണുകള്‍ക്ക് പകരം ആറ് ഫോണുകളുടെ ഐ എം ഇ നമ്ബറുകളുണ്ടായിരുന്നു. ഇതില്‍ ആറാമത്തെ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണം സംഘം.