സംസ്ഥാനത്ത് അവയവദാന തട്ടിപ്പിന് മറയാക്കിയത് വ്യാജ രേഖകള്‍; ആരോഗ്യ വകുപ്പിനോട് വിശദീകരണം തേടി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടന്നത് വ്യാജ രേഖകള്‍ മറയാക്കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. പണം വാങ്ങി അവയവങ്ങള്‍ നല്‍കിയവര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അവയവങ്ങള്‍ നല്‍കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നേടുന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴി‌ഞ്ഞ രണ്ടു വര്‍ഷം നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങള്‍ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ച് കത്ത് നല്‍കി.

കഴി‌ഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടന്ന 35 അവയവദാനങ്ങള്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ച്‌ വരികയാണ്. ദാതാക്കളുടെ പശ്ചാത്തലമാണ് ക്രൈം ബ്രാ‌ഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. ഗുണ്ടകള്‍ മുതല്‍ കഞ്ചാവ് കേസിലെ പ്രതികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെയാണ് ദാതാക്കളുടെ സാമൂഹിക പ്രതിബന്ധ സര്‍ട്ടിഫിക്കറ്റില്‍ ക്രൈംബ്രാഞ്ച് സംശയമുന്നയിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളാണ് ക്രൈം ബ്രാ‌ഞ്ച് തേടിയിരിക്കുന്നത്.

അതേസമയം അവയവം സ്വീകരിച്ച പലരുടേയും മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ചിന് കഴിയാത്ത അവസ്ഥയാണ്. ശസ്ത്രക്രിയ കഴിഞ്ഞുവെങ്കിലും പലരുടെയും ആരോഗ്യാവസ്ഥ മോശമായതിനാല്‍ മൊഴിയെടുക്കുക അത്രവേഗം നടക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആരോഗ്യവകുപ്പ് നല്‍കുന്ന രേഖകള്‍ പരിശോധിച്ച്‌ ഇതിന് പിന്നിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്കും ഏജന്റുമാരിലേക്കും അന്വേഷണം കൊണ്ടുപോകാനാണ് നീക്കം.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കുവേണ്ടി ഏജന്റുമാരാണ് ദാതാക്കളെ കണ്ടെത്തുന്നത്. അവയവ ദാതാക്കള്‍ക്ക് പണം നല്‍കിയ ശേഷം അവരുടെ അറിയവോടെ തന്നെ വ്യാജ രേഖകള്‍ ഉണ്ടാക്കും. സാമൂഹിക സേവനത്തിന്റെ ഭാഗമായി ഒരു ജീവന്‍ രക്ഷിക്കാന്‍ സൗജന്യമായി അവയവദാനത്തിന് തയ്യാറാകുന്നുവെന്ന സര്‍ട്ടിഫിക്കറ്റാണ് സര്‍ക്കാരിലേക്ക് നല്‍കുന്നത്.

Related posts

Leave a Comment