കൊച്ചി : പതിനാലാം വയസില്‍ അഭിനയിച്ച സിനിമയിലെ രംഗം യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിപ്പിച്ചുവെന്ന പരാതിയുമായി നിയമ വിദ്യാര്‍ഥിനി. വീഡിയോ റിമൂവ് ചെയ്യാന്‍ നിയമസ്ഥാപനങ്ങളെ സമീപിച്ചിട്ടും ഫലമുണ്ടായില്ലയെന്നും പെണ്‍കുട്ടി പറയുന്നു.
സോന എം. എബ്രഹാം എന്ന പെണ്‍കുട്ടിയാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. ആ സിനിമയില്‍ അഭിനയിച്ചതിലൂടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടു. പക്ഷേ അത് ചെയ്തില്ല എന്നും സോന പറയുന്നു. ഫോര്‍ സെയിലില്‍ എന്ന ചിത്രത്തില്‍ നടി കാതല്‍ സന്ധ്യയുടെ അനുജത്തിയായാണ് വേഷമിട്ടത്. അതില്‍ അനുജത്തി പീഡിപ്പിക്കപ്പെടുന്ന രംഗമുണ്ട്. 150 പേരോളമുള്ള സെറ്റില്‍ അത് ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞു.
എന്തുതരം സിനിമയിലാണ്, എന്ത് സീനിലാണ് അഭിനയിക്കുന്നത്, അതിലൂടെ ഈ സമൂഹത്തോട് എന്താണ് പറയുന്നത് എന്നുപോലും തിരിച്ചറിയാനാകാത്ത പ്രായമാണ്.ഒടുവില്‍ ആ രംഗം സംവിധായകന്റെ കലൂരിലെ ഓഫിസിലാണ് ചിത്രീകരിച്ചത്. എന്റെ മാതാപിതാക്കളും കുറച്ചുമാത്രം അണിയറപ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ ആ രംഗം തെറ്റായ രീതിയില്‍ പ്രചരിക്കപ്പെട്ടുവെന്നും പെണ്‍കുട്ടി പറയുന്നു.
സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരൊക്കെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചു. പലരും മോശം കമന്റുകളാണ് തന്നെ കുറിച്ച് പറഞ്ഞെതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ തനിക്ക് ഒന്നും നഷ്ടപ്പെട്ടതായി തോന്നുന്നില്ലയെന്നും തന്നെക്കാള്‍ ദുഖം മറ്റുള്ളവര്‍ക്കാണെന്നും. എനിക്ക് എന്തോ കുറവുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ബന്ധുക്കള്‍ പോലും ശ്രമിച്ചതെന്നും സോന പറഞ്ഞു. ഒരു വീഡിയോയിലൂടെയാണ് സോന തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.