മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദിന് എതിരായ ബലാത്സംഗ കേസ്; പരാതിക്കാരിയായ നിയമവിദ്യാര്‍ത്ഥിനി കോടതിയില്‍ മൊഴിമാറ്റി

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദിനെതിരെയുള്ള ബലാത്സംഗക്കേസില്‍ മൊഴിമാറ്റി പരാതിക്കാരിയായ നിയമവിദ്യാര്‍ത്ഥിനി. ചൊവ്വാഴ്ച കേസ് പരിഗണിച്ച വേളയില്‍ ലക്‌നൗവിലെ പ്രത്യേക കോടതിക്ക് മുമ്ബാകെയാണ് 24-കാരിയായ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായെന്ന മൊഴി നിഷേധിച്ചത്.

ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജ് പവന്‍ കുമാര്‍ റായ്ക്ക് മുമ്ബാകെയാണ് മുമ്ബ് പറഞ്ഞതെല്ലാം നിരാകരിച്ച്‌ പെണ്‍കുട്ടി പുതിയ മൊഴി നല്‍കിയത്‌

അതേസമയം മൊഴിമാറ്റിയതിന്‌ നിയമവിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടിക്കെതിരേ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി. പെണ്‍കുട്ടി കൂറുമാറിയതായും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍ അപേക്ഷയുമായി കോടതിയെ സമീപിച്ചു. പെണ്‍കുട്ടിയെ വിസ്തരിക്കണമെന്നും ആരുടെ സമ്മര്‍ദ്ദപ്രകാരമാണ് മൊഴി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രൊസിക്യൂഷന്റെ അപേക്ഷ രജിസ്റ്റര്‍ ചെയ്യാനും വാദിയുടെയും പ്രതിയുടെയും പുതിയ മൊഴിപ്പകര്‍പ്പുകള്‍ ഹാജരാക്കാനും ജഡ്ജി പി കെ റായ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15-ന് വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. .

ചിന്മയാനന്ദ് ട്രസ്റ്റിന് കീഴില്‍ ഷാജഹാന്‍പുരിലുള്ള ലോ കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷമാണ് സ്വാമി ചിന്മയാനന്ദ ഒരുവര്‍ഷത്തോളം പീഡിപ്പിച്ചതായി ആരോപിച്ച്‌ പരാതി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായതോടെ സംഭവം വലിയ വാര്‍ത്താപ്രധാന്യം നേടി. സുഹൃത്തിനൊപ്പം ഒളിച്ചുകഴിഞ്ഞ പെണ്‍കുട്ടി പിന്നീട് കോടതിയില്‍ ഹാജരായി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പെണ്‍കുട്ടി ശ്രമിച്ചെന്ന് ചിന്മായനന്ദും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 സെപ്റ്റംബറില്‍ ചിന്മയാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതി ഈ വര്‍ഷം ഫെബ്രുവരിയില്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.

Related posts

Leave a Comment