സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ശിവശങ്കര്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാവില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് തീരുമാനം.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനോട് ഇന്ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാവാന്‍ ഇ.ഡി നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദേശ യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരായുന്നതിന് വേണ്ടിയായിരുന്നു ഇന്ന് ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കിയത്. 2016ന് ശേഷം നടത്തിയ വിദേശ യാത്രകളുടെ രേഖകളും വിശദാംശങ്ങളും ഹാജരാക്കണമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനാല്‍ അടുത്ത പത്തൊല്പതാം തീയ്യതി വരെ ഹാജരാവാന്‍ സാധിക്കില്ലെന്ന് ശിവശങ്കര്‍ ഇ.ഡിയെ അറിയിച്ചു. നേരത്തെ കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ അഭിഭാഷകനില്‍ നിന്ന് ശിവശങ്കര്‍ നിയമോപദേശം തേടിയിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാധിക്കില്ലെന്ന തീരുമാനം ഇ.ഡിയെ അറിയിച്ചത്.