തിരുവനന്തപുരം: തലസ്ഥാനത്തെ യു.എ.ഇ കോണ്‍സുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം പലഘട്ടങ്ങളിലായി കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് വനിതാശിശുവികസന ഡയറക്ടര്‍ ടി.വി.അനുപമയുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തി. ഈന്തപ്പഴം ഇറക്കുമതി ചെയ്യുമ്ബോള്‍ അനുപമ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്നു. ഇന്നലെയാണ് അനുപമയുടെ മൊഴി രേഖപ്പെടുത്തിയത്. വിവിധ ജില്ലകളിലേക്ക് അയച്ച ഈന്തപ്പഴത്തിന്റെ വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് സാമൂഹ്യക്ഷേമ സെക്രട്ടറി ബിജു പ്രഭാകറിന് കസ്റ്റംസ് ചോദ്യാവലി അയച്ചുനല്‍കുകയും ഉത്തരങ്ങള്‍ തേടുകയും ചെയ്തു. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ക്കായാണ് അനുപമയുടെ മൊഴി രേഖപ്പെടുത്തിയത്.
ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതിന് പിന്നാലെയാണ് കേരളത്തിലേക്ക് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെന്ന പേരില്‍ ഈന്തപ്പഴം പലഘട്ടങ്ങളിലായി കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങിയത്. ഈന്തപ്പഴത്തിനൊപ്പം മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ നയതന്ത്ര സ്ഥാപനം പാലിക്കേണ്ട ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് കസ്റ്റംസ് കരുതുന്നത്. വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ച നയതന്ത്രബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു.
ഈന്തപ്പഴ വിതരണത്തിന് സൗകര്യങ്ങള്‍ ഒരുക്കിയത് സംബന്ധിച്ചുള്ള എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അറിയിച്ചിരുന്നതായി അനുപമ കസ്റ്റംസിനോട് പറഞ്ഞു. ഈന്തപ്പഴം ഇറക്കുമതി സംബന്ധിച്ച് സര്‍ക്കാരും യു.എ.ഇ കോണ്‍സുലേറ്റും തമ്മിലുള്ള ആശയവിനിമയത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് സാമൂഹ്യനീതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും രേഖകള്‍ ഇല്ലെന്നായിരുന്നു പൊതുഭരണ വകുപ്പിന്റെ മറുപടി. പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസും ശിവശങ്കറിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് വിതരണം നടത്തിയതെന്നും പൊതുഭരണവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
2016 ഒക്ടോബറില്‍ യു.എ.ഇ കോണ്‍സുലേറ്റ് തലസ്ഥാനത്ത് തുടങ്ങിയതിന് ശേഷം ഏറ്റവുമധികം എത്തിയത് ഈന്തപ്പഴമാണ്. കോണ്‍സല്‍ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്ന പേരില്‍ 17,000 കിലോഗ്രാമാണ് യു.എ.ഇ.യില്‍ നിന്നെത്തിയത്. ഇവ വിതരണം ചെയ്തത് സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകള്‍, ബഡ്സ് സ്കൂളുകള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ്. യു.എ.ഇ പ്രസിഡന്റിന്റെ സമ്മാനമായി ഒരാള്‍ക്ക് 250 ഗ്രാം എന്ന കണക്കിന് 40,000കുട്ടികള്‍ക്കാണ് ഈന്തപ്പഴം നല്‍കിയത്. കുട്ടികള്‍ക്ക് കൈമാറാനായി കോണ്‍സുലേറ്റ് ഈന്തപ്പഴം സര്‍ക്കാരിനെ ഏല്പിക്കുകയായിരുന്നു.