ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നെന്ന് സിബിഐ ഹൈക്കോടതിയില്‍, അന്വേഷണത്തിന് സ്റ്റേ ഇല്ല

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസ് അന്വേഷണം ചോദ്യം ചെയ്ത് പദ്ധതിയുടെ നിര്‍മാതാക്കളായ യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹരജിയിലാണ് സിബിഐ വിശദീകരണം. കേന്ദ്ര അനുമതിയില്ലാതെ ഫണ്ട് വാങ്ങാന്‍ കഴിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. വ്യാഴാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും.കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യം കോടതി തള്ളി.

ലൈഫ് മിഷനില്‍ അഴിമതി നടന്നെങ്കില്‍ അതില്‍ യൂണിടാകിന് ഒരു ഉത്തരവാദിത്തവുമില്ലെന്നും, തന്‍റേത് ഒരു സ്വകാര്യ ഏജന്‍സി മാത്രമാണെന്നുമായിരുന്നു ഹര്‍ജിക്കാരനായ സന്തോഷ് ഈപ്പന്‍റെ വാദം. വാദം നടക്കവേയാണ് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ ചില വാദങ്ങള്‍ സിബിഐ കോടതിയില്‍ ഉന്നയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു.

സന്തോഷ് ഈപ്പന്‍ ഫോണ്‍ നല്‍കിയതിലും പണം നല്‍കിയതിലും അഴിമതിയുണ്ട് എന്നാണ് സിബിഐ കോടതിയില്‍ വാദിച്ചു. സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പന്‍ കമ്മീഷന്‍ നല്‍കിയതും കൈക്കൂലിയായി കണക്കാക്കണം. ലൈഫ് മിഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പണം വാങ്ങിയോ എന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. അതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യം തള്ളണമെന്നും സിബിഐ ഹൈക്കോടതിയില്‍ വാദിച്ചു.

സന്തോഷ് ഈപ്പന്‍ കൈക്കൂലി നല്‍കിയെങ്കില്‍ത്തന്നെ അത് വിദേശവിനിമയനിയന്ത്രണച്ചട്ടത്തിന്‍റെ (എഫ്സിആര്‍എ) പരിധിയില്‍ വരുമോ എന്ന് കോടതി സിബിഐയോട് ചോദിച്ചു. അത് അന്വേഷിക്കേണ്ടത് വിജിലന്‍സല്ലേ എന്നും കോടതി ആരാഞ്ഞു. ഇതില്‍ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും, ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും സിബിഐ കോടതിയില്‍ മറുപടി നല്‍കി.

ഈ സമയത്താണ്, ലൈഫ് മിഷനിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ഇതിന്‍രെ അന്വേഷണ ഫയല്‍ വിളിച്ചുവരുത്തണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെടുന്നത്. എന്നാലിതിനെ സംസ്ഥാനസര്‍ക്കാര്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തു. വിജിലന്‍സിനോട് അന്വേഷണത്തിന്‍റെ എല്ലാ രേഖകളും ഉടനടി നല്‍കണമെന്ന് സിബിഐ പല തവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന വിവാദം നിലനില്‍ക്കെയാണ് സിബിഐ ഇത്തരമൊരു ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിച്ചത് എന്നതും ശ്രദ്ധേയമാണ്.

സിബിഐയുടെ ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി വാദിച്ചു. കേസില്‍ സ്വതന്ത്രമായി വിജിലന്‍സ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ കോടതിയിലേക്ക് ഫയല്‍ വിളിച്ചുവരുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അത് ശരിയായ കീഴ്‍വഴക്കമാകില്ലെന്നും കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു.

കേസില്‍ വ്യാഴാഴ്ച വിശദമായി വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അന്ന് ലൈഫ് മിഷന് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നുണ്ട്. അന്ന് തന്നെ സന്തോഷ് ഈപ്പന്‍റെ ഈ ഹര്‍ജിയും കോടതി പരിഗണിക്കും.

Related posts

Leave a Comment