പത്ത് ജില്ലകളില്‍ ഇന്ന് നിരോധനാജ്ഞ കടുത്ത നിയന്ത്രണത്തില്‍

സംസ്ഥാനത്ത് ഇന്ന് മുതല്‍ പത്ത് ജില്ലകളില്‍ നിരോധനാജ്ഞ കടുപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി, തൃശൂര്‍, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച്‌ ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ രാവിലെ ഒന്‍പത് മണി മുതല്‍ നിലവില്‍ വന്നു.

വിവാഹം, മരണാനന്തര ചടങ്ങുകളില്‍ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അന്‍പത് പേര്‍ക്കും സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. സര്‍ക്കാര്‍, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പൊതുഗതാഗതം തടയില്ല. കടകളില്‍ അടക്കം സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച്‌ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment