അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കൊവിഡ്; യുഎസില്‍ രോ​ഗബാധിതര്‍ 75 ലക്ഷത്തിലേക്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടവായ ഹോപ് ഹിക്‌സിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് ലോകത്തെ അറിയിച്ചത്. ഇരുവരും ക്വാറന്റീനിലാണ്. എയര്‍ഫോഴ്‌സ് വണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ് ഹിക്‌സ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദത്തില്‍ അടക്കം ട്രംപ് പങ്കെടുത്തപ്പോള്‍ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്‌സ് ഉണ്ടായിരുന്നു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാമതുളള അമേരിക്കയില്‍ ഇന്നലെ 47,389 പേര്‍ക്കാണ് രോ​ഗം കണ്ടെത്തിയത്. 920 പേര്‍ മരിക്കുകയും ചെയ്തു. അമേരിക്കയില്‍ ഇതുവരെ 74.94 ലക്ഷം ജനങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.12 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവര്‍ 47.36 ലക്ഷമാണ്. നിലവില്‍ 25.45 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

48.49 ലക്ഷം ജനങ്ങള്‍ രോഗബാധിതരായ ബ്രസീലില്‍ ഇന്നലെ 35,643 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 805 പേരാണ് മരിച്ചത്. ബ്രസീലില്‍ 1.44 ലക്ഷം ജനങ്ങളാണ് മരിച്ചത്. നിലവില്‍ 4.91 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോ മീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, അര്‍ജന്റീന, മെക്‌സിക്കോ, സൗത്ത് ആഫ്രിക്ക എന്നി രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുളളത്. പ്രതിദിന രോഗബാധയിലും മരണത്തിലും ഇന്ത്യയാണ് ലോകത്ത് മുന്നില്‍.

ലോകത്ത് ഇതുവരെ 3.44 കോടി ജനങ്ങളാണ് കൊവിഡ് ബാധിതരായത്. ഇതില്‍ 10.27 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ 77.83 ലക്ഷം ആളുകളാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 2.56 കോടി ജനങ്ങള്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറില്‍ 3.19 ലക്ഷം ജനങ്ങള്‍ക്കാണ് ലോകത്ത് രോഗം സ്ഥിരീകരിച്ചത്. 8,922 പേര്‍ മരിക്കുകയും ചെയ്തു.

Related posts

Leave a Comment