കോഴിക്കോട്: വ്യവസായിയും കൊടുവള്ളി നഗരസഭയിലെ ഇടതുപക്ഷ കൗണ്‍സിലറുമായ കാരാട്ട് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തതോടെ, സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന നയതന്ത്ര കള്ളക്കടത്തിന്റെ അന്വേഷണം കോഴിക്കോട്ടെ സ്വര്‍ണ്ണ നഗരം എന്ന് അറിയപ്പെടുന്ന കൊടുവള്ളിയിലേക്കും നീങ്ങുകയാണ്. കൊടുവള്ളി മാഫിയ എന്ന് അറിയപ്പെടുന്ന സ്വര്‍ണ്ണക്കള്ളക്കടത്തു സംഘത്തിന് ഇതിലും ബന്ധമുണ്ടെന്ന് കസ്റ്റസിനും എന്‍ഐഎക്കും വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടുണ്ട്.
കാരാട്ട് ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഫൈസലിന്റെ വീട്ടിലും ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. റെയ്ഡില്‍ ചില ഡിജിറ്റല്‍ രേഖകളും മൊബൈല്‍ സന്ദേശങ്ങളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴി ആദ്യഘട്ടത്തില്‍ വന്ന 80 കിലോ സ്വര്‍ണം തൃശിനാപ്പള്ളി അടക്കമുള്ള സ്ഥലങ്ങളില്‍ വില്ക്കാന് ശ്രമിച്ചത് ഫൈസലാണെന്നാണ് കസ്റ്റംസിന് ലഭിച്ച സൂചനകള്‍. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലാണ് സ്വര്‍ണക്കടത്തു സംഘത്തിലെ പ്രധാനി എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.പക്ഷേ ഫൈസലിന്റെയടക്കമുള്ള ഈ പ്രദേശത്തെ വീടുകളും കുടില്‍ വ്യവസായം പോലെ സ്വര്‍ണ്ണക്കടത്ത്- കുഴല്‍പ്പണ ബിസിനസ് നടത്തുന്നവുടെയും സൗകര്യങ്ങളും കണ്ട് റെയിഡിന് എത്തിയാവും ഞെട്ടി എന്നാണ് അറിയുന്നത്.
Stories you may Like
റിമോട്ട് കണ്ട്രോളില് മാത്രം തുറക്കാവുന്ന സ്വിമ്മിങ്ങ്പൂളടക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വീടുകളിലാണ് ഇവിടെ പല ഹവാലക്കാരും കഴിയുന്നത്. ഒന്നരക്കോടിയോളം വിലമതിക്കുന്ന ആഡംബരവാഹനങ്ങള്‍ മുറ്റത്ത് കാണും. കൂട്ടിന് അര ഡസനോളം പുത്തന്‍ പുതിയ ബൈക്കുകളും. കോഴിക്കോട് കൊടുവള്ളിയിലെും താമരശ്ശേരിയിലെയും ഒരു ശരാശരി സ്വര്‍ണക്കച്ചവടക്കാരന്റെയൊക്കെ വീടുകണ്ടാല്‍ ഇന്‍കം ടാക്സുകാരുടെയൊക്കെ കണ്ണുതള്ളിപ്പോവും. ഈ പണമൊക്കെ എവിടെനിന്ന് കുത്തി ഒലിച്ചുവരുന്നു എന്നുചോദിച്ചാല്‍ ആര്‍ക്കും മറുപടിയുണ്ടാവില്ല.
മുമ്ബ് ജൂവലറികളുടെ നഗരം എന്നറിയപ്പെട്ടിരുന്ന കൊടുവള്ളിയില്‍ ഇന്ന് സ്വര്‍ണ്ണക്കടത്തിന്റെ നഗരമാണെന്ന് പൊലീസിനും നന്നായി അറിയാം. കോഴിക്കോട്ടെയെന്ന് വേണ്ട, കേരളത്തിലെ തന്നെ പ്രമുഖ ജൂവലറിയിലേക്കൊക്കെ സ്വര്‍ണം എത്തിക്കുന്നത് ഇവിടുത്തെ സംഘമാണ്. എയര്‍ഹോസ്റ്റസുമാര്‍ തൊട്ട് സിനിമാതാരങ്ങളും ഉയര്‍ന്ന കസ്റ്റസ് ഉദ്യോഗസ്ഥര്‍വരെ പങ്കാളികളായ ഈ കള്ളക്കടത്തില്‍ പലപ്പോഴും പിടക്കപ്പെടുന്നത്, മലദ്വാരത്തിനകത്തുവെച്ചൊക്കെ സ്വര്‍ണം കടത്തുന്ന പാവം കാരിയര്‍മാര്‍ മാത്രമാണ്. ഇവരെയാവട്ടെ പെട്ടന്ന് ജാമ്യത്തിലെടുക്കാനും കേസ് തേച്ച് മായ്ച്ച കളയാനും സംഘത്തിന് കഴിയും. ഒറ്റിന് സംഘം കൊടുക്കുന്ന ശിക്ഷ മരണമാണ്. അതുകൊണ്ടുതന്നെ തട്ടിക്കൊണ്ടുപോവലും അക്രമവും മര്‍ദനവും ഇവിടെ പതിവാവകുയാണ്. ഒരു പ്രമുഖ നേതാവ് ഇങ്ങനെ ഒരു ‘ടോര്‍ച്ചറിങ്ങ് ഹൗസ് ‘തന്നെ കൊടുവള്ളിയില്‍ പണിതായി നാട്ടുകാര്‍ പറയുന്നു.ഇവിടെ നിന്ന് രാത്രികളില്‍ നിലവിളികളും കേള്‍ക്കാമെന്നും പറയുന്നു. ഈ വിവരങ്ങള്‍ ഒക്കെയും കസ്റ്റംസ് അധികൃതര്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്.
കൊടുവള്ളിയില്‍ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഹവാലാ ലോബിയാണെന്നത് പരസ്യമായ രഹസ്യമാണ്.കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുഴല്‍പ്പണം ഇറങ്ങുന്ന പ്രദേശമാണിത്. കാരട്ട് റസാഖ് ജയിച്ചതില്‍ നിന്നുതന്നെ കുഴല്‍പ്പണലോബിയുടെ ശക്തിയും വ്യക്തമാണ്. എംഎല്‍എ തൊട്ട് പഞ്ചായത്ത് മെമ്ബര്‍ വരെ ആരാവണമെന്ന് അവര്‍ തീരുമാനിക്കും. ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെ വരെ കുഴല്‍പ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങള്‍ നടത്തുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ക്കും അറയാത്ത കാര്യമല്ല.
നോട്ട് നിരോധനം വന്നതോടെ എല്ലാവരും കരുതിയത് കുഴല്‍പ്പണക്കാരുടെ ചീട്ട് കീറിയെന്നാണ്. എന്നാല്‍ സംഭവിച്ചത് നേരേ മറിച്ചാണ്. ഒറ്റ കുഴല്‍പ്പണക്കാരനുപോലും നയാപ്പൈസയുടെ നഷ്ടം ഇതുമൂലം ഉണ്ടായിട്ടില്ലെന്നാണ് കൊടുവള്ളിക്കാരുടെ അനുഭവസാക്ഷ്യം. കാരണം കൊടുവള്ളിയിലെ ഹവാലസംഘങ്ങളും തങ്ങളുടെ ലാഭം കറന്‍സിയായിട്ടല്ല ശേഖരിച്ചത് എന്നാണ് ഇതിന്റെ പ്രധാനകാരണം. റിയല്‍എസ്റ്റേറ്റ് ബിസിനസുകള്‍, വന്‍കിട ആശുപത്രികള്‍, സി.ബി.എസ്.ഇ സ്കൂളുകള്‍ ജൂവലറികള്‍, അനാഥശാലകള്‍ അടങ്ങുന്ന ജീവകാരുണ്യ ട്രസ്റ്റുകള്‍ എന്നിങ്ങനെയുള്ള വിവിധ നിക്ഷേപങ്ങളിലായിട്ടാണ് അവരുടെ പണം ഇരിക്കുന്നത്. ഇതാവട്ടെ താരതമ്യേന സുരക്ഷിതമാണുതാനും. ആകെയുള്ള പ്രതിസന്ധി കുഴല്‍പ്പണവിതരണം താല്‍ക്കാലികമായി നടക്കുന്നില്ല എന്നുമാത്രമാണ്. അതുമൂലം തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ ഇപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലിക്കെടുക്കുകയാണ്.
ഗള്‍ഫില്‍ ജോലിചെയ്യുന്ന സാധാരണക്കാരാണ് കൂഴല്‍പ്പണലോബിയുടെ വലയില്‍ വീഴുന്നതെന്നാണ് എറ്റവും വിചിത്രം. നികുതിയൊന്നുമില്ലാതെ ഞൊടിയിടയില്‍ പണം നേരിട്ട് വീട്ടിലത്തെിക്കുന്ന സമാന്തര സംവിധാനമാണിത്. പത്തിരുപത് വര്‍ഷം മുമ്ബ് ചെറിയതോതില്‍ തുടങ്ങിയ കുഴല്‍പ്പണ ശൃഖല ഇന്ന് മലബാറിലെ സമാന്തര സാമ്ബത്തിക ശക്തിയായിരിക്കുന്നു. എത്ര ലക്ഷം രൂപവേണമെങ്കിലും ഞൊടിയിടയില്‍ നാട്ടിലത്തെിക്കുന്ന സംഘങ്ങള്‍ ഇവിടെയുണ്ട്. കുഴല്പ്പണത്തെ നിയമവിരുദ്ധമായ ഒന്നായി ഇവിടുത്തുകാര്‍ കാണുന്നില്ല എന്നതാണ് ഏറ്റവും വിചിത്രം. ഈ പണം സാധാരണക്കാരുടെ അധ്വാനമാണെന്നും ആദായനികുതി കൊടുക്കുന്നില്ല എന്ന ഒറ്റക്കാരണംകൊണ്ട് ഇത് കള്ളപ്പണമാവുന്നില്ലെന്നുമാണ് ഇവരുടെ വാദം. ഇതേ പണം കൊണ്ട് എന്തുവാങ്ങിച്ചാലും സെയില്‍ടാക്സും എക്സൈസ് ഡ്യൂട്ടിയും അടക്കമുള്ളവ വരുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കുഴലിനും ഡോളറിനുമൊപ്പം പിന്നെ മയക്കുമരുന്നും പ്രവഹിക്കാന്‍ തുടങ്ങിയതോടെയാണ് ജനം ഇതിന്റെ വിപത്തുകള്‍ തിരിച്ചറിയുന്നത്. രേഖയില്ലാത്ത പണമായതിനാല്‍ ഇവ തട്ടിയെടുക്കുന്ന സംഘങ്ങളും വന്നതോടെ പ്രദേശത്തെ് ക്രമസമാധാന പ്രശ്നങ്ങളും വര്‍ധിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് കൊടുവള്ളിയിലുള്ള സഫ്വാന് എന്ന ചെറുപ്പക്കാരനെ കുഴല്‍പ്പണ വിതരണത്തിനിടെ എതിര് സംഘങ്ങള്‍ കുത്തിക്കൊന്നിരുന്നു. അന്ന് കുഴല്‍പ്പണമാഫിയക്കെതിരെ ചില മതസംഘടനകള്‍ ഈ മേഖലയില്‍ കാമ്ബയിന് നടത്തിയെങ്കിലും പിന്നീട് അതെല്ലാവരും മറക്കുകയായിരുന്നു.
ഇതുകൊണ്ടൊക്കെ പ്രദേശത്തെ ചെറുപ്പക്കാരില്‍ ഒരു ഭാഗവും വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ചെറുപ്പത്തില്‍തന്നെ എളുപ്പം പണം ഉണ്ടാക്കാവുന്നതുകൊണ്ട് അവരൊക്കെ ഇത്തരം സംഘങ്ങളില്‍ പെടുന്നു. ഇത് സൃഷ്ടിക്കുന്ന സാംസ്കാരിക അരാജകത്വം അടുത്തകാലത്താണ് ഈ നാട് തിരച്ചറിഞ്ഞത്. ചെറുപ്പക്കാരില്‍ നല്ലൊരു വിഭാഗവും മദ്യത്തിനും മറ്റും അടിമപ്പെടുന്നതിനെതിരെ എസ്.കെ.എസ്.എസ്.എഫ് നടത്തിയ കാമ്ബയിനില്‍ ഇത്തരം സംഘങ്ങളെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ചെറിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനല്ലാതെ ഈ മാഫിയാ സംസ്ക്കാരത്തെ തുറന്നെതിര്‍ക്കാനുള്ള ചങ്കൂറ്റം ആര്‍ക്കും ഉണ്ടായിരുന്നില്ല.