ഇന്ന് ലോക ഹൃദയ ദിനം; ഹൃദ്രോഗങ്ങളില്‍ നിന്ന് നമുക്ക് മുക്തി നേടാം

മനുഷ്യരില്‍ ഹൃദയ സംബന്ധമായ രോഗങ്ങളുടെ തോത് വലിയ വര്‍ധനനവ് സൃഷ്ടിക്കുന്നു. ദിനംപ്രതി വര്‍ധിച്ചുവരുന്ന ഹൃദ്‌രോഗം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ സര്‍വസാധാരണമാണ്. ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരില്‍ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തില്‍ താഴെയാണെങ്കില്‍ ഹൃദ്യോഗികളിലത് 10.5 ശതമാനമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ക്ക്‌ ഹൃദയാഘാതമുണ്ടാകാന്‍ മൂന്നിരട്ടി സാധ്യതയുണ്ട്‌. 1960 മുതല്‍ 1995 വരെ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും വര്‍ദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്‌ (12.7 ശതമാനം). നഗരവാസികളില്‍ നടത്തിയ പഠനമാണിത്‌. ഇന്ത്യയിലെ ഗ്രാമവാസികളില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നില്‍ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരില്‍ ഹൃദ്രോഗ നിരക്ക്‌ 4 ശതമാനത്തില്‍ കുറവാണ്‌. എന്നാല്‍ കോവിഡ് കാലത്ത് ഇതിന്റെ തോത് ഇരട്ടിയാണ്.

കൊറോണ വൈറസ് രണ്ട് വിധമാണ് ഹൃദ്രോഗ തീവ്രത ഉണ്ടാക്കുന്നത്. നിലവില്‍ ഹൃദ്രോഗികളായവരുടെ രോഗാവസ്ഥ മൂര്‍ച്ഛിപ്പിച്ച്‌ ഹാര്‍ട്ട് അറ്റാക്ക്, ഹൃദയ സ്തംഭനം, കാര്‍ഡിയോജെനിക് ഷോക്ക് തുടങ്ങിയ ഗുരുതരാവസ്ഥയിലേക്ക് അവരെ തള്ളിവിടുന്നു. മറ്റൊന്ന് ഹൃദയസംബന്ധമായ യാതൊരു രോഗവുമില്ലാത്തവരില്‍ ഹൃദയാഘാതമുണ്ടാകുന്നു.

ഹൃദ്രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത ഒരുപോലെയാണങ്കിലും വന്നുപെട്ടാല്‍ സങ്കീര്‍ണതകള്‍ കൂടുതലാവാമെന്നുള്ളതുകൊണ്ട് ഹൃദ്രോഗികള്‍ ഏറെ ശ്രദ്ധിക്കണം. അതുതന്നെയാണ് ഈ ഹൃദയ ദിനത്തില്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും പറയുന്നത്. ‘യൂസ് ഹാര്‍ട്ട് ഫോര്‍ സൊസൈറ്റി, യുവര്‍ ലൗഡ് വണ്‍സ് ആന്‍ഡ് യു’ എന്നതാണ് ഇത്തവണത്തെ പ്രമേയം.

കോവിഡ് കാലത്ത് ഹൃദയാരോഗ്യം എങ്ങനെയൊക്കെ സംരക്ഷിക്കാം

ആരോഗ്യ പൂര്‍ണമായ ജീവിതരീതി
ആരോഗ്യത്തിന്‌ ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വര്‍ജ്ജിക്കുക;
ശരിയായ ആഹാര രീതിയും ജീവിത ശൈലിയുംസ്വീകരിക്കുക.
നല്ല പോഷണം ,
ദുര്‍മ്മേദസ്സ്‌ ഒഴിവാക്കല്‍ ,
പതിവായി വ്യായാമം
ഈ മഹാമാരിക്കാലം എത്ര വരെ നീളുമെന്ന് ആര്‍ക്കും വ്യക്തമല്ല. കോവിഡിനോട് കൂടി മനുഷ്യന്‍ ജയിക്കുന്നത് വരെ എല്ലാ ഹൃദ്രോഗികളെയും ഹൃദയപൂര്‍വ്വം ചേര്‍ത്തുപിടിക്കാം. കോവിഡിന്റെ ഗുരുതര പ്രതിസന്ധിയിലേക്ക് അവരെ തള്ളിവിടാന്‍ ഓരോരുത്തരും കാരണമാവില്ലെന്ന് ഉറപ്പുവരുത്താം.

 

Related posts

Leave a Comment