പാറമട സ്ഫോടനത്തിനു പിന്നിൽ ഭീകര ബന്ധ സംശയം; അന്വേഷിക്കണം: പരിസ്ഥിതി സമിതി

കൊച്ചി : മലയാറ്റൂരില്‍ ഇല്ലാത്തോട് പാറമടയ്ക്കടുത്ത് ഇന്നു പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തിനു പിന്നില്‍ ഭീകര ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യം. സംഭവത്തില്‍ എന്‍ഐഎ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സമിതിയാണ് രംഗത്തെത്തിയിരിക്കുന്നത്.

അനുമതിയില്ലാത്ത പ്രവര്‍ത്തിച്ചിരുന്ന പാറമടയോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന രണ്ടു അതിഥി തൊഴിലാളികളാണ് മരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഫോടനത്തിന്റെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം.

മരിച്ചവര്‍ക്ക് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണം. സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചു വയ്ക്കാന്‍ അനുമതിയില്ലാത്ത പാറമടയില്‍ ഇത്രയധികം സ്ഫോടക വസ്തുക്കള്‍ എങ്ങനെ എത്തി എന്നതും അന്വേഷിക്കണമെന്നും പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പാറമടയോട് ചേര്‍ന്ന് അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ സ്ഫോടനമുണ്ടായത്. തമിഴ്നാട് സേലം സ്വദേശി പെരിയണ്ണന്‍, കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി.നാഗ എന്നിവരാണ് മരിച്ചത്. പാറമടയില്‍ ജോലിക്കെത്തി ക്വാറന്റീനില്‍ കഴിയുന്നതിനിടെയായിരുന്നു സഫോടനം.

Related posts

Leave a Comment