തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം ഇന്നും യുവജനസംഘടനകളുടെ പ്രതിഷേധം. യുവമോര്‍ച്ച, എബിവിപി, യുത്ത്ലീഗ്, കെഎസ്യു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ആക്രമാസക്തമായി. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവിടെയും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കൊച്ചിയില്‍ കെഎസ്യുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിവീശി. പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
തൃശൂരില്‍ എബിവിപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവിടെയും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.
മലപ്പുറത്ത് യൂത്ത്ലീഗിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവിടെ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോഴിക്കോട് കളക്ട്രേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ആക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനുപിന്നാലെ ബിജെപിയുടെ നേതൃത്വത്തിലും കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.