ഇ.പി ജയരാജന്‍റെ ഭാര്യയുടെ ബാങ്ക് ലോക്കര്‍ വിശദാംശങ്ങള്‍ ഇ.ഡി ആവശ്യപ്പെട്ടു

മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജറോടാണ് ഇ.ഡി വിവരങ്ങള്‍ തേടിയത്. ലോക്കര്‍ ആരംഭിച്ചത്, അവസാനമായി ലോക്കല്‍ തുറന്നത് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്.

മന്ത്രിയുടെ ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ച്‌ ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവാദമായിരുന്നു. ഇ.പി ജയരാജന്‍റെ മകന്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബാങ്കിലെ മൂന്ന് ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി ഇ പി ജയരാജന്‍റെ മകനെതിരെ ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ലൈഫ് മിഷനില്‍ ഒരു കോടി രൂപയില്‍ കൂടുതല്‍ കമ്മീഷന്‍ ഇ പി ജയരാജന്‍റെ മകന്‍റെ കയ്യിലേക്ക് പോയെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ശരിയായ ദിശയില്‍ എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പാര്‍ട്ടി, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വിമര്‍ശിക്കുകയാണ്. മന്ത്രി ജലീലിനെ കൂടാതെ ഇ.പി ജയരാജന്‍റെ മകന്‍റെ പേര് ഉയര്‍ന്നു വരുന്നതും ഇതിനു കാരണമാണെന്ന് സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി.

Related posts

Leave a Comment