കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരന് വഞ്ചിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു. ഹാരിസിന്റെ ബന്ധുവായ സീരിയല്‍ നടിയെയും സഹോദരനെയും കൊട്ടിയം പോലിസ് ചോദ്യം ചെയ്തു. ലക്ഷ്മി പ്രമോദിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിലെ കോള്‍ ലിസ്റ്റും സന്ദേശങ്ങളും പരിശോധിക്കും.മാതാപിതാക്കളില്‍ നിന്നും മൊഴിയെടുക്കുമെന്നും കൊട്ടിയം പൊലീസ് പറഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ പള്ളിമുക്ക് സ്വദേശി ഹാരിസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം ഉടന്‍ അപേക്ഷ നല്‍കും.
അതേസമയം, യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്. 2019 ജൂലൈയില്‍ ഹാരിസും ബന്ധുക്കളും ചേര്‍ന്ന് ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായി യുവതിയെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയി. ഹാരിസിന്റെ ബന്ധുവായ സീരിയല്‍ നടിയുടെ ഷൂട്ടിങിന് കൂട്ട് പോകണം എന്നു പറഞ്ഞാണ് യുവതിയെ വരനും ബന്ധുക്കളും കൊണ്ടുപോയത്. ഈ സമയത്ത് പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
റംസിയുമായി വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്നു ഹാരിസ്. ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്മാറിയതാണെന്നു ചൂണ്ടിക്കാട്ടി റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു.വളയിടല്‍ ചടങ്ങുകളും സാമ്ബത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായും പലപ്പോഴായി റംസിയയുടെ കുടുംബത്തില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നതായും കുടുംബം പറഞ്ഞു. അടുത്തിടെ മറ്റൊരു വിവാഹത്തിനു ഇയാള്‍ തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.