വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതോടെ ജയിലില്‍ പോകണമെന്ന് ആഗ്രഹം! തൊണ്ണൂറ്റിരണ്ടുകാരിയെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയ്ക്ക് പ്രതിയുടെ ഞെട്ടിക്കുന്ന കത്ത്

പത്തനംതിട്ട: കഴിഞ്ഞ ദിവസമാണ് കുമ്പഴയില്‍ 92കാരിയെ വീട്ടുവേലക്കാരിയുടെ ബന്ധു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുമ്പഴ മനയത്ത് വീട്ടില്‍ പരേതനായ ദാമോദരന്റെ ഭാര്യ ജാനകി (92) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിലെ ജോലിക്കാരിയായ ഭൂപതി (പുഷ്പ-60)യുടെ ബന്ധു മയില്‍സ്വാമിയെ (62) പത്തനംതിട്ട പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ജാനകിയുടെ മക്കള്‍ മറ്റ് സ്ഥലങ്ങളിലാണ് താമസം. മയില്‍സ്വാമിയും ഇയാളുടെ ബന്ധുവായ ഭൂപതിയുമാണ് സഹായത്തിന് ജാനകിക്കൊപ്പം താമസിക്കുന്നത്. പ്രതി തൊണ്ണൂറ്റിരണ്ടുകാരിയെ കൊലപ്പെടുത്താനുണ്ടായ കാരണമാണ് ഏവരെയും ഞെട്ടിക്കുന്നത്. ഭൂപതി തന്നെ വിവാഹം കഴിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, എന്നാല്‍ അവള്‍ തന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതോടെ ജയില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും, അതിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും മയില്‍ സ്വാമി പൊലീസിനോട് പറഞ്ഞു. ഒപ്പം തന്റെ പണവും മാലയും ജാനകിയുടെയും ഭൂപതിയടെയും കയ്യിലുണ്ടെന്നും ഇയാള്‍ പറയുന്നു.

ഇന്നലെ രാവിലെ സമീപവാസിയായ വീട്ടമ്മയോട് പത്രത്തില്‍ ഒരു കത്ത് വെച്ചിട്ടുണ്ടെന്നും അത് നോക്കാണമെന്നും മയില്‍സ്വാമി പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ താന്‍ ജാനകിയെ കൊന്നെന്ന് പറഞ്ഞ ശേഷം ഇയാള്‍ വീട്ടില്‍ കയറി കതകടച്ചു. വീട്ടമ്മ പത്രം എടുത്തുനോക്കിയപ്പോള്‍ ജാനകിയെ കൊന്നെന്ന് കാട്ടി അതിനുള്ളില്‍ കത്ത് എഴുതിവച്ചിട്ടുണ്ടായിരുന്നു. മഴ നനയാതിരിക്കാന്‍ പത്രവും കത്തും പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞാണ് മുറ്റത്തിട്ടിരുന്നത്. വീട്ടമ്മ അടുത്തുള്ളവരെ വിളിച്ചുകൂട്ടി ജാനകി കിടക്കുന്ന ഭാഗത്തെ ജനലില്‍കൂടി നോക്കിയെങ്കിലും കണ്ടില്ല. മയില്‍സ്വാമിയെ വിളിച്ചപ്പോള്‍ താന്‍ ജാനകിയെ കൊന്നതായും പൊലീസ് എത്തിയ ശേഷം കതക് തുറക്കാമെന്നും പറഞ്ഞു. പൊലീസും ബന്ധുക്കളും എത്തിയപ്പോഴാണ് ഇയാള്‍ കതക് തുറന്നത്. സ്വീകരണമുറിയില്‍ ജാനകി കഴുത്തറ്റ് രക്തത്തില്‍ കുളിച്ച്‌ കിടക്കുകയായിരുന്നു. കറിക്കത്തികൊണ്ട് കഴുത്ത് അറുക്കുകയായിരുന്നെന്ന് മയില്‍സ്വാമി പൊലീസിനോട് പറഞ്ഞു.

നാല് വര്‍ഷം മുൻപാണ് മയില്‍സ്വാമി ഈ വീട്ടിലെത്തിയത്. സംഭവസമയം ജാനകിക്കൊപ്പം മയില്‍സ്വാമി മാത്രമാണുണ്ടായിരുന്നത്. ഭൂപതി സമീപമുള്ള ബന്ധുവീട്ടിലായിരുന്നു. കൊലയ്ക്കുശേഷം എലിവിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് മാനസികമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ഭൂപതി പറഞ്ഞു.

Related posts

Leave a Comment