പ്രേമത്തിലൂടെ സിനിമ രംഗത്തെത്തിയ നടി സായ് പല്ലവി ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികയാണ്. തമിഴ് തെലുങ്ക് സിനിമയിലെ നിരവധി സൂപ്പര്‍താരങ്ങളുടെ നായികയായെത്തിയ താരത്തിന് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയം മാത്രമല്ല നിലപാടുകളും കയ്യടി നേടാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പരീക്ഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ട്രിച്ചിയിലെ ഒരു കോളജില്‍ പരീക്ഷ എഴുതാന്‍ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളാണിതെന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള ഫോറിന് മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷനായാണ് താരം എത്തിയത്.
ഓറഞ്ച് നിറത്തിലുള്ള ചുരിദാര്‍ ധരിച്ചാണ് താരം എത്തിയത്. മാസ്കും ഗ്ലൗസും താരം അണിഞ്ഞിട്ടുണ്ടായിരുന്നു. സായ് പല്ലവിയാണ് എത്തിയത് എന്ന് അറിഞ്ഞതോടെ കോളജിലെ സ്റ്റാഫുകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ താരത്തിന് അടുത്തെത്തി. മാസ്ക് മാറ്റി ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന ചിത്രങ്ങളാണ് വൈറലായത്.
അതിനിടെ താരം മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കാത്തത് ചിലരെ ചൊടിപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണെന്നാണ് അവര്‍ പറയുന്നത്. ഒരു ഡോക്ടര്‍ കൂടിയായ താരം അതെല്ലാം ശ്രദ്ധിക്കണ്ടേയെന്നും വിമര്‍ശകര്‍ ചോദിച്ചു.