സംസ്ഥാനത്തുടനീളം ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ജല കമ്മീഷന്‍ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളെല്ലാം ഉരുള്‍പ്പൊട്ടല്‍ ഭീഷണയിലുമാണ്. പ്രളയസാധ്യത മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടങ്ങള്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ക്യാമ്പുകളേക്കാള്‍ പ്രധാന്യം നല്‍കുന്നത് ആളുകളെ ബന്ധുവീടുകളിലേക്ക് എത്തിക്കുന്നതിനാണ്.
ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പാലക്കാട് ഭവാനിപ്പുഴയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കാലവര്‍ഷക്കെടുതി സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ 22 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം പാലക്കാട് ജില്ലയിലെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഘം പാലക്കാടെത്തിയത്